ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് താരങ്ങള്‍ക്കെതിരെ റഷ്യ വിഷായുധ പ്രയോഗം നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍. മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനും റഷ്യയുമായി ഉരസലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫ. ആന്തണി ഗ്ലീസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഡയറക്ടറാണ് ഇദ്ദേഹം. ക്രെംലിന്‍ അനുവാദത്തോടെ നടത്താന്‍ സാധ്യതയുള്ള ആക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍ ലക്ഷ്യമായേക്കാമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇംഗ്ലീഷ് ടീമിനെ അപമാനിക്കുന്നതിനായി ഭക്ഷണം കേടുവരുത്തുന്നതുള്‍പ്പെടെ തരംതാണ നടപടികളിലേക്ക് റഷ്യ പോകുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്, എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള സാധ്യതയുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണെങ്കില്‍ അപ്രകാരം പോലും ചെയ്യാന്‍ റഷ്യ മടിക്കില്ല. ലോകകപ്പിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആയുധമാക്കി മാറ്റാന്‍ റഷ്യ ശ്രമിക്കുമെന്നത് സാധ്യത മാത്രമായി തള്ളിക്കളയരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര രംഗത്ത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഏതു വിധത്തിലാണെന്നത് ഏവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ താരങ്ങളെ ആക്രമിച്ചെന്ന ആരോപണം 1990ലെ ഇറ്റാലിയ ലോകകപ്പില്‍ ഉയര്‍ന്നതാണ്. അര്‍ജന്റീനയുടെ സ്റ്റാഫ് തനിക്ക് നല്‍കിയ കുടിവെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നുവെന്നും കളിക്കിടെ തനിക്ക് ഇതുമൂലം കടുത്ത മന്ദതയുണ്ടായെന്ന് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രാങ്കോ ആരോപിച്ചിരുന്നു. ഇക്കാര്യം അര്‍ജന്റീന നിഷേധിച്ചിരുന്നെങ്കിലും കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോ അപ്രകാരം സംഭവിച്ചിരിക്കാമെന്ന സൂചന വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയിരുന്നു.
Leave a Reply