ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇപ്പോഴും യുകെ വിസയ്ക്കായി കാത്തിരിക്കുന്നതിനാൽ വിംബിൾഡൺ നഷ്ടമാകുമെന്ന ഭയത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾ. ബെലാറസിന്റെ പിന്തുണയുള്ള ഉക്രെയ്‌ൻ റഷ്യൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓൾ ഇംഗ്ലണ്ട് ക്ലബ് അവരെ മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ പലവിധമായ നിബന്ധനകൾക്ക് വിധേയമായാണ് പങ്കെടുക്കുന്നത്. യുകെയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് അപേക്ഷകർ സമഗ്രമായ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഹോം ഓഫീസ് അറിയിച്ചു.

ജൂലൈ 3 മുതൽ 16 വരെ ലണ്ടനിലാണ് വിംബിൾഡൺ നടക്കുന്നത്. മാഡ്രിഡ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും മികച്ച റൺസ് നേടിയ പതിനാറുകാരിയായ റഷ്യൻ താരം മിറ ആൻഡ്രീവ, തനിക്ക് ടൂർണമെന്റിൽ കളിക്കാൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണെന്ന് പറയുന്നു. ആൻഡ്രീവ ആറാഴ്ചയിലേറെ മുമ്പ് വിസയ്ക്ക് അപേക്ഷിച്ചതാണ്. പക്ഷെ ഇതുവരെ വിസ ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, യുകെ ഗവണ്മെന്റ് റഷ്യയ്ക്കും പൗരന്മാർക്കും എതിരെ ഒരു കൂട്ടം ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ വിസയുമായി ബന്ധപ്പെട്ട നടപടികൾ ഉൾപ്പെടുന്നുണ്ട്.

അതേസമയം, ഒരാൾ യുകെയിലേയ്ക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ട കുറച്ചധികം നടപടികൾ ഉണ്ടെന്നും, അതിലൂടെ കടന്നു പോകാതെ ഒന്നും നടക്കില്ലെന്നുമാണ് ഹോം ഓഫീസ് നൽകുന്ന വിശദീകരണം. യുകെയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ ബയോമെട്രിക്സ് സമർപ്പിക്കുകയും സമഗ്രമായ പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്നും ഹോം അധികൃതർ പറഞ്ഞു.