ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.


ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.