ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ :- ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയ്ക്കു നേരെയുള്ള റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായുള്ള ഔദ്യോഗിക വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കത്തീഡ്രൽ പള്ളിക്കും ആക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തങ്ങൾ ആക്രമിച്ച ഒഡെസയുടെ പ്രദേശങ്ങൾ തങ്ങൾക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഇടങ്ങളാണെന്ന് റഷ്യ പ്രതികരിച്ചു. ഈ ആക്രമണത്തിന് തങ്ങൾ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉക്രൈനിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതികൾ മുടങ്ങാതിരിക്കാനായി തുർക്കിയും യു എന്നും മധ്യസ്ഥം വഹിച്ച റഷ്യയും ഉക്രൈനും തമ്മിൽ ഉണ്ടായിരുന്ന ബ്ലാക്ക് സീ ഗ്രേയിൻ ഇനിഷ്യേറ്റീവ് എന്ന ഉടമ്പടിയിൽ നിന്നും റഷ്യ പിന്മാറുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഒഡെസ നഗരത്തിന്മേൽ നിരന്തരമായ ആക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌ഫോടനത്തെ തുടർന്ന് നാല് കുട്ടികളടക്കം 14 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു. ആക്രമണത്തിൽ നഗരത്തിലെ ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ഓർത്തഡോക്സ് സഭയെ വ്യവസ്ഥാപിതമായി ദ്രോഹിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് റഷ്യ കത്തീഡ്രൽ നശിപ്പിച്ചതെന്ന് കൈവ് വൃത്തങ്ങൾ ആരോപിച്ചു. ഒരിക്കലും മറക്കാനാവാത്തതും പൊറുക്കപ്പെടാനാവാത്തതുമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു അപ്‌ഡേറ്റിൽ, റഷ്യ ഒഡെസ മേഖലയെ അഞ്ച് വ്യത്യസ്ത തരം മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഉക്രെയ്‌നിന്റെ തെക്കൻ കമാൻഡ് പറഞ്ഞു. ഈയാഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഒഡെസ നഗരത്തിൽ സൂക്ഷിച്ചിരുന്ന ധാരാളം ധാന്യശേഖരങ്ങൾ റഷ്യ നശിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒഡെസയിലെ ഏറ്റവും പുതിയ ആക്രമണത്തിന് ശേഷം ഉക്രെയ്നിന്റെ പ്രസിഡൻഷ്യൽ ഓഫീസ് മേധാവി ആൻഡ്രി യെർമാക് കൂടുതൽ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും മറ്റു രാജ്യങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.