ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റഷ്യൻ പൗരന്മാർക്ക് വിസ ലഭിക്കുന്നത് കൂടുതൽ ചെലവേറിയതും ബുദ്ധിമുട്ടേറിയതും ആക്കാനുള്ള നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന റഷ്യക്കാർ ദൈർഘ്യമേറിയ അപേക്ഷാ പ്രക്രിയ നേരിടേണ്ടിവരും കൂടാതെ മറ്റു രാജ്യക്കാർ 35 യൂറോ ഫീസായി നൽകുമ്പോൾ ഇവരിൽ നിന്ന് വാങ്ങുക 80 യൂറോ ആയിരിക്കും. ഉക്രെയ്‌നെതിരെ റഷ്യ ആക്രമണം നടത്തുന്നിടത്തോളം കാലം ഇത് തുടരുമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പറഞ്ഞു. ഫെബ്രുവരിയിൽ ഉക്രൈൻ അധിനിവേശത്തിനുശേഷം ഒരു ദശലക്ഷത്തിലധികം റഷ്യക്കാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. റഷ്യയുമായുള്ള സാധാരണ കരാർ ഇനി തുടരാനാവില്ല എന്നും വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്പിലേക്കുള്ള പ്രധാന ഗ്യാസ് പൈപ്പ് ലൈൻ റഷ്യ വീണ്ടും അടച്ചിരുന്നു. റഷ്യയുമായുള്ള നിലവിലുള്ള വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ആഴ്ച നടത്തിയ യോഗത്തിൽ തീരുമാനിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച പുതിയ തീരുമാനം പുറത്തുവിട്ടത്.
പൂർണ നിരോധനത്തെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ സ്വീകരിച്ചപ്പോൾ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഈ തീരുമാനത്തെ എതിർത്തു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിർത്തി നിയമങ്ങൾ കർശനമാക്കാൻ തുടങ്ങി. യൂറോപ്യൻ യൂണിയൻറെ ഈ പുതിയ തീരുമാനം റഷ്യൻ യാത്രക്കാരുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 35 യൂറോയ്ക്ക് പകരം 80 യൂറോയുടെ ഉയർന്ന ഫീസ്, ദൈർഘ്യമേറിയ അപേക്ഷ പ്രക്രിയ, മൾട്ടി എൻട്രി വിസകളിൽ നിയന്ത്രണം, ഡോക്യുമെന്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് തുടങ്ങിയവ ആയിരിക്കും പുതിയ തീരുമാനത്തിന് കീഴിൽ റഷ്യൻ പൗരന്മാർ അഭിമുഖീകരിക്കേണ്ടി വരിക. അധിനിവേശ യുക്രെനിൽ നിന്ന് ഉള്ള റഷ്യൻ പാസ്പോർട്ടുകളും യൂറോപ്യൻ യൂണിയൻറെ കീഴിലുള്ള രാജ്യങ്ങൾ അംഗീകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ അറിയിച്ചു. റഷ്യൻ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് ഉള്ള പ്രവേശനം എളുപ്പമാകരുതെന്നും യൂറോപ്യൻ യൂണിയൻ ആഭ്യന്തരകാര്യ കമ്മീഷണർ യിൽവ ജോഹാൻസൺ പറഞ്ഞു.
Leave a Reply