ലണ്ടന്‍: നേരത്തേ അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം യാത്ര മുടങ്ങിയത് 30,000ത്തോളം യാത്രക്കാര്‍ക്ക്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 170 ഓളം സര്‍വീസുകളാണ് റയന്‍എയര്‍ റദ്ദാക്കിയത്. വിമാന ജീവനക്കാരുടെ ആനുവല്‍ ലീവ് ക്രമീകരിക്കുന്നതിലുണ്ടായ പിഴവാണ് യാത്രക്കാര്‍ക്ക് വിനയായത്. യുകെയില്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലാണ് ഇത് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചത്. മറ്റു ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്ന അറിയിപ്പാണ് പല യാത്രക്കാര്‍ക്കും ലഭിച്ചത്.

ബോര്‍ദോയില്‍ നിന്ന് സ്റ്റാന്‍സ്‌റ്റെഡിലേക്ക് വെള്ളിയാഴ്ച യാത്ര ചെയ്യാനെത്തിയ തങ്ങള്‍ക്ക് വിമാനം റദ്ദാക്കിയ അറിയിപ്പ് ലഭിച്ചെന്ന് സഫോള്‍ക്കില്‍ നിന്നുള്ള ട്രേസി, കോളിന്‍ വിര്‍ എന്നിവര്‍ പറഞ്ഞു. ഞായറാഴ്ചത്തേക്ക് ടിക്കറ്റ് റീബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതും റദ്ദാക്കിയെന്ന അറിയിപ്പ് പിന്നീട് ലഭിച്ചെന്ന് അവര്‍ പറഞ്ഞു. ഇനി ചൊവ്വാഴ്ച മാത്രമേ തങ്ങള്‍ക്ക് വിമാനം ലഭിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൈലറ്റുമാരുടെ ലീവ് ക്രമീകരിക്കുന്നതിലുണ്ടായ പിഴവാണ് ഇത്രയും സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് കമ്പനി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെന്നി ജേക്കബ്‌സ് പറഞ്ഞു. പിഴവ് ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. വന്‍ നഷ്ടമാണ് ഇതിലൂടെ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 400 യൂറോ വരെ ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഇതു കൂടാതെ യാത്രക്കാര്‍ക്ക് താമസസൗകര്യം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ഒരുക്കാനായി 100 മില്യനിലേറെ പൗണ്ട് ചെലവാകുമെന്നാണ് കരുതുന്നത്.