ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റ് : ആൾട്ടൺ ടവേഴ്‌സ്‌ തീം പാർക്കിൽ ആയിരം ജോലി ഒഴിവുകൾ. ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഹിൽട്ടൺ ഫെസ്റ്റിവൽ പാർക്ക് ഹോട്ടൽ ഡബിൾ ട്രീയിൽ നടത്തുന്ന സ്റ്റോക്ക് ജോബ്‌സ് ഫെയറിലെ റിക്രൂട്ട്‌മെന്റ് ഇവന്റിൽ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. റൈഡ് ഓപ്പറേറ്റർമാർ, അഭിനേതാക്കൾ, റീട്ടെയിൽ അസിസ്റ്റന്റുമാർ, റെസ്റ്റോറന്റ്, ബാർ ഹോസ്റ്റുകൾ എന്നിവരെയാണ് പ്രധാനമായും തേടുന്നത്. ഹോട്ടൽ അധിഷ്ഠിത ജോലി ഒഴിവുകളുമുണ്ട്. ഒഴിവുകളെപറ്റി കൂടുതൽ അറിയാനും സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനും ജോബ് ഫെയറിൽ അവസരമുണ്ട്.

2022 സീസണിൽ ആൾട്ടൺ ടവേഴ്‌സ് അവരുടെ സിബിബീസ് ലാൻഡിൽ മൂന്ന് പുതിയ ആകർഷണങ്ങൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോലിക്കാരെ തേടുന്നത്. ഹേ ഡഗ്ഗി ബിഗ് അഡ്വഞ്ചർ ബാഡ്ജ്, ആൻഡീസ് അഡ്വഞ്ചേഴ്സ് ദിനോസർ ഡിഗ്, ജോജോ & ഗ്രാൻ ഗ്രാൻ അറ്റ് ഹോം എന്നിവ തീം പാർക്കിന്റെ ഭാഗമാകും.

നിലവിലെ ഒഴിവുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ:
www.altontowersjobs.com

വൃത്തിയും കർശനമായ സുരക്ഷാ നിയമങ്ങളും പാലിച്ച് റൈഡുകൾ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്ക് റൈഡ് ഓപ്പറേറ്റർ ആകാം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

2016 മെയ് മാസത്തിൽ ആരംഭിച്ച യുകെയിലെ ആദ്യത്തെ റോളർകോസ്റ്റർ റെസ്റ്റോറന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം. അതോടൊപ്പം ഈ വർഷത്തെ സ്കാർഫെസ്റ്റിൽ പങ്കെടുക്കാൻ അഭിനേതാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ആൾട്ടൺ ടവേഴ്സ് റിസോർട്ട് അറിയിച്ചു. വർഷം മുഴുവൻ ഓഡീഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിഷനുകളിൽ തിരിച്ചറിയൽ രേഖയായി സാധുവായ പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ ദേശീയ ഇൻഷുറൻസ് നമ്പറോ സമർപ്പിക്കാം. റീട്ടെയിൽ ഹോസ്റ്റ്, അഡ്മിഷൻ ഹോസ്റ്റ് തുടങ്ങി മറ്റ് നിരവധി അവസരങ്ങളും തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.