മൈസൂരു ∙ ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിക്ക് ഞായറാഴ്ച മൈസൂരുവിൽ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രാമൊഴി നൽകി. പൊതുദർശനത്തിനായി ഭൗതികശരീരം മഹാരാജ കോളജ് ഗ്രൗണ്ടിൽ വച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആരാധകരും കലാകാരന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൈസൂരുവിലെ കനിയനഹുണ്ഡിയിലുള്ള കുടുംബ ഫാം ഹൗസിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.

88-ാം വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതരംഗത്തിന് തീരാനഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. 1957-ൽ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ ഇരുപതോളം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് തലമുറകളുടെ ഹൃദയങ്ങളിൽ ഇടംനേടി. നാല് ദേശീയ പുരസ്കാരങ്ങളും നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടി സംഗീതലോകത്ത് അനശ്വരമായ സ്ഥാനം അവർ സ്വന്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017-ൽ മൈസൂരുവിൽ നടന്ന വികാരനിർഭരമായ സംഗീതപരിപാടിയോടെയാണ് ജാനകി പൊതുവേദികളിൽനിന്ന് വിടപറഞ്ഞത്. മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആരാധകർ അന്ന് വീണ്ടും പാടണമെന്ന ആവശ്യം ഉയർത്തിയിരുന്നെങ്കിലും സംഗീതജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. പതിറ്റാണ്ടുകളോളം ഇന്ത്യൻ സംഗീതാസ്വാദകരെ മധുരസ്വരത്താൽ വിസ്മയിപ്പിച്ച ജാനകിയുടെ ഗാനങ്ങൾ ഇനി ഓർമകളിലൂടെ തലമുറകളെ അനുഗമിക്കുമെന്ന അനുസ്മരണത്തോടെയാണ് രാജ്യം പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.