തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പ്രദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പ്രകടനങ്ങളില്‍ ശരണം വിളിയും സേവ് ശബരിമല മുദ്രാവാക്യവുമെല്ലാം സജീവമാണ്. ഇക്കാര്യത്തില്‍ ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.
ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല മാത്രമാണ് പ്രധാന വിഷയമായി ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വെട്ടിലായിരുന്നു. ഒടുവില്‍ കളക്ടര്‍ അനുപമയ്ക്ക് വിശദീകരണ കുറിപ്പ് എഴുതി നല്‍കിയാണ് സുരേഷ് ഗോപി രക്ഷപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള ശാസിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നരേന്ദ്ര മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ബി.ജെ.പി വീണ്ടും കളംമാറ്റി പിടിക്കുമെന്നാണ് പിള്ള നല്‍കുന്ന സൂചന.
”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, എന്നാണ് ശ്രീധരന്‍ പിള്ളയുട നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാല്‍ ബി.ജെ.പി കുടുങ്ങും.
Leave a Reply