പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ച് പമ്പയില്‍ നടക്കുന്ന ആറാട്ടിനും ഇനി മുതല്‍ സ്ത്രീകള്‍ക്ക് വിലക്ക്. ഈ വര്‍ഷം മുതല്‍ ആറാട്ടിന് സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ ആറാട്ടിനു പങ്കെടുക്കുന്നത് ദേവഹിതത്തിന് എതിരാണ്. അതുകൊണ്ട് ഇത്തവണ പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ എത്തുന്നത് തടയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 23നാണ് പമ്പയില്‍ ആറാട്ട് നടക്കുന്നത്.
തന്ത്രിമാരും, ദൈവജ്ഞന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ആറാട്ട് സമയത്ത് സ്ത്രീകള്‍ എത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ എത്തി ഭഗവാനെ കാണുവാന്‍ കഴിയാത്തതിനാല്‍ പമ്പയില്‍ ആറാട്ടുസമയത്ത് കണ്ടുതൊഴാം എന്നാണ് വിശ്വാസികളായ സ്ത്രീകള്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്നും ഇനിയുളള കാലം ഇത് തുടരാന്‍ കഴിയില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് വൃശ്ചിക മാസത്തിലെ കറുത്തവാവിന് പമ്പയില്‍ എത്താമെന്നും അദ്ദേഹം വിശദീകരിച്ചു. അന്നേദിവസം നടക്കുന്ന ദശരഥ ജടായു ബലിതര്‍പ്പണ ദിനത്തില്‍ സ്ത്രീകള്‍ക്ക് പമ്പയിലിറങ്ങി ബലിതര്‍പ്പണം നടത്താം. പമ്പയിലെ ഗണപതി, ഹനുമാന്‍,ദേവി, ശ്രീരാമ ക്ഷേത്രങ്ങളില്‍ അന്നേദിവസം സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുളള സജ്ജീകരണങ്ങള്‍ ദേവസ്വം ഒരുക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.