മകരവിളക്ക് ഉത്സവത്തിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ഓടെ ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും.
പിന്നീട് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. വൈകിട്ട് 7.52നാണ് മകര സംക്രമ പൂജ. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി.നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മലമുകളിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പമ്പയിൽ 40,000 ത്തിലധികം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ അനുമാനം.
ശബരിമല തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് മകരവിളക്ക്. ഈ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിയിലേക്ക് എത്താറുളളത്. വിപുലമായ രീതിയിൽ ഉത്സവവും വിശേഷാൽ പൂജകളും ഈ ദിവസം നടക്കും.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് പതിനെട്ടു ലക്ഷം ആളുകളാണ് മകരവിളക്കിന് സന്നിധാനത്ത് എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഇത്രയധികം ആളുകള്‍ ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. ശബരിമല ഇക്കുറി വിവാദങ്ങളുടെ നടുവിലായിരുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശബരിമലയില്‍ ഭക്തജന തിരക്ക് കുറവാണ്. നീണ്ട പന്ത്രണ്ട് വർഷത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ലോകശ്രദ്ധ നേടിയ വിവാദങ്ങളിലേക്ക് നയിച്ചത്.
ഈ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിലും കൂടുതല്‍ തിരക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറന്നപ്പോള്‍ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച പമ്പ വഴി സന്നിധാനത്തില്‍ എത്തിയത് 50,000ത്തോളം ഭക്തരാണ്. ഇന്നും, മകരവിളക്ക് ദിനമായ നാളെയുമായി തിരക്ക് വര്‍ദ്ധിക്കും എന്നാണു കരുതുന്നത്
ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു കേരളാ പോലീസ് വിന്യസിച്ചിരിക്കുന്നത്. സായുധ പോലീസ്, തണ്ടര്‍ ബോള്‍ട്ട് സേന, എന്നിവയും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സേവനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയില്‍ പാര്‍ക്ക് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ന് വൈകിട്ട് നാല് മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടു വരെ നിയന്ത്രണങ്ങള്‍ ഉണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍, എരുമേലി, വടശ്ശേരിക്കര, ളാഹ, എന്നിവടങ്ങളില്‍ പാര്‍ക്ക് ചെയ്തു ശേഷം കെ എസ് ആര്‍ ടി സി നടത്തുന്ന പ്രത്യേക ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് എത്താം.
Leave a Reply