പമ്പയിലേക്കുള്ള ശബരിമല തീർഥാടകരെ തടയുന്നതിനെ തുടർന്ന് നിലയ്ക്കലിൽ സംഘർഷം കൂടുതൽ ശക്തമാകുന്നു. പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാൻ സമരക്കാരുടെ ശ്രമം. ഇതു പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരുമായി സംഘർഷമുണ്ടായി. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഇവിടെ നിന്ന് എട്ടുപേരെ അറസ്റ്റു ചെയ്തു. പൊലീസ് ലാത്തി വീശി.
ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെയാണു സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രിയിൽ തടഞ്ഞിരുന്നു. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാർ വഴങ്ങിയില്ല. ബസിൽ നിന്നു വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവർണത്തോട് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ പഞ്ചവർണത്തയെ നിർബന്ധിച്ച് സമരപ്പന്തലിലേക്കു കൊണ്ടുപോയി. ഒടുവിൽ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവർണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്
ബുധനാഴ്ച നടതുറക്കുന്ന ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവ സംഘടനകള്‍ രംഗത്ത്. നിലയ്ക്കലിലെത്തുന്ന എല്ലാ വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞ് യുവതികളില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിടുന്നത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് പോയ വനിതാമാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു.
സ്ത്രീകളായ പ്രതിഷേധക്കാരാണ് ബസിനുളളില്‍ കയറി ഇംഗ്ലീഷ്, ഹിന്ദി ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മാധ്യമപ്രവര്‍ത്തകരെ ഇറക്കിയശേഷം ബസ് യാത്ര തുടര്‍ന്നു. സ്ത്രീകളെ പമ്പയിലേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പൊലീസിന്‍റെ സാന്നിധ്യത്തിലും പരിശോധന തുടരുന്നു.
നിലയ്ക്കലിലെ രാപ്പകല്‍ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വനിത പൊലീസിനെ നിലയ്ക്കലിലും പമ്പയിലും നിയോഗിച്ചു. എഡിജിപി അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ നിലയ്ക്കിലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നുവന്ന രാപ്പകല്‍സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി.
ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേക്കാരെ വിരട്ടിയോടിച്ചശേഷമാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ചത്. നിലയ്ക്കലിന്‍റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്, പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബാംങ്ങളും ഉള്‍പ്പെടെയുള്ളവരുമായി ദേവസ്വംബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നുതന്നെ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് കൊട്ടാരം, തന്ത്രികുടുംബം പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പുനഃപരിശോധനാഹാര്‍ജിയുടെ കാര്യം 19ന് ചേരുന്ന യോഗത്തില്‍ പരിഗണിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ശബരിമലയില്‍ എല്ലാപ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് ഉടന്‍ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്നും പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരും ചര്‍ച്ചക്കെത്തിയ മറ്റ് സംഘടനകളും ശക്തമായ നിലപാടെടുത്തു. എന്നാല്‍ തുലാമാസ പൂജകള്‍ക്ക് ശബരിമല നടതുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിക്കേണ്ടതിനാല്‍ 19 ന് ചേരുന്ന ദേവസ്വംബോര്‍ഡ് സമ്പൂര്‍ണ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ ചര്‍ച്ചക്കെത്തിവര്‍ തയാറായില്ല. തുടര്‍ന്ന് അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
സമവായത്തിനുള്ള എല്ലാ മാര്‍ഗങ്ങളും ഇനിയും സ്വീകരിക്കുമെന്നും വീണ്ടും ചര്‍ച്ചയാകാമെന്നും ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കും. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിപോലും ഇന്ന് ചര്‍ച്ചയ്ക്കെത്തിയവര്‍ കണക്കിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് മുന്നോട്ടുപോകുന്നത് എന്നാണ് സൂചന.
ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനോ പുതിയ നിയമനിര്‍മ്മാണത്തിനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വംബോര്‍ഡിന് അവരുടെ തീരുമാനം എടുക്കാം. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനോ നിയമ നിര്‍മ്മാണത്തിനോ സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിവിധി അനുസരിക്കുമെന്നും പ്രശ്നം വിലയിരുത്താന്‍ വിശ്വാസകാര്യങ്ങളില്‍ വിദഗ്ധരായവരുടെ സമിതിവേണമെന്നും നേരത്തെ കോടതിയെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ദേവസ്വം ബോര്‍ഡിന് അവരുടെ നിലപാട് തീരുമാനിക്കാം. ശബരിമല സന്ദര്‍ശിക്കാനുള്ള എല്ലാവിശ്വാസികളുടെയും അവകാശം സംരക്ഷിക്കും. നിലക്കലിലും മറ്റും ചിലര്‍ സ്വമേധായാ നടത്തുന്ന വാഹനപരിശോധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍പോകാന്‍ ഏതെങ്കിലും വിശ്വാസികള്‍ ഭയക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ വലിച്ചുകീറുമെന്ന് പറയുന്നവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാരെങ്ങിനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്.ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമഭേദഗതി പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും കമ്മിഷണര്‍മാരായി ഹിന്ദുക്കളല്ലാത്തവരേയും നിയമിക്കാന്‍ കഴിയുമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. എന്നാല്‍ അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറാക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു.
Leave a Reply