പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഏതാണ്ട് കെട്ടടിങ്ങിയതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്രമസാധ്യതകള്‍ ഇല്ലാത്തതിനാല്‍ തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടെന്ന് നിലപാടിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഇത്തവണ 300 പോലീസുകാര്‍ മാത്രമാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കുക.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുറവ് സുരക്ഷാ ക്രമീകരണങ്ങളുമായി ശബരിമല തുറക്കുന്നത്. കഴിഞ്ഞ മാസം പൂജകള്‍ക്കായി നട തുറന്ന സമയത്ത് ഏതാണ്ട് 1500 പോലീസുകാരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. മണ്ഡലകാലത്ത് 3000ത്തിലധികം പോലീസുകാരും ഐ.ജി നേതൃത്വത്തിലുള്ള ഉന്നത സംഘവുമാണ് സുരക്ഷയൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കെ ശബരിമലയില്‍ അനിഷ്ട സംഭവങ്ങളൊന്നും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മുതിര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്സവ,മീനമാസ പൂജകള്‍ക്കായി പതിനൊന്ന് ദിവസത്തേക്കാണ് ശബരിമല തുറന്നിരിക്കുന്നത്. സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തതിനാല്‍ തന്നെ യുവതികളും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതികളെത്തിയാല്‍ തടയുമെന്ന നിലപാടിലാണ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍.
Leave a Reply