ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ട്ടു ദിവസം നീണ്ട വാദത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

കേസില്‍ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറിയും ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന നിലവിലുള്ള രീതി തുടരണമെന്നാണ് അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വിരുദ്ധ നിലപാടുകളാണ് ഉള്ളത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.