ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യ–സ്ത്രീ അവകാശ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും തമ്മിലുള്ള സംഘർഷമാണ് വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരിക.
2018 സെപ്റ്റംബറിൽ ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ നടന്നത്. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം എടുക്കാതെ, ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിട്ടു. തുടർന്ന് 2020ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവുണ്ടായെങ്കിലും, അംഗങ്ങളെ നിശ്ചയിച്ചതിന് ശേഷം കേസ് മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് വിവിധ വിഷയങ്ങളിൽ വിധികൾ പ്രസ്താവിച്ചെങ്കിലും ശബരിമല വിഷയത്തിൽ ഇടപെടൽ ഉണ്ടായിരുന്നില്ല.
ശബരിമല യുവതി പ്രവേശനത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിൽ വരാനാണ് സാധ്യത. വിഷയത്തിൽ വാദം ആരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിക്കുന്നത്. വേനലവധിക്ക് മുൻപ് ബെഞ്ച് രൂപീകരിച്ച് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷയം സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന സാഹചര്യത്തിൽ, വാദം കേട്ട് അന്തിമ വിധി പ്രസ്താവിക്കാൻ ആവശ്യമായ സമയം ലഭ്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply