കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ സൈബര്‍ പോരിന് തുടക്കമായിരിക്കുകയാണ്. നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സംഘപരിവാറിനുള്ളില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ നേതാക്കളാരും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
റെഡി ടു വെയിറ്റ് ക്യാംപെയ്ന്‍ പ്രവര്‍ത്തകരില്‍ പ്രധാനിയായ പദ്മ പിള്ളയാണ് ഒരു സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.
അവര്‍ എന്ന് പദ്മ ഉപയോഗിച്ചത് ബി.ജെ.പിയെ ഉദ്ദേശിച്ചാണെന്ന് വാദവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നു. ഇതോടെ റെഡി ടു വെയിറ്റ് ക്യാംപെയിനിന്റെ ഭാഗമായ സ്ത്രീകളെ പരസ്യമായി അപമാനിച്ച് ചില ബി.ജെ.പി അനുകൂലികളും രംഗത്ത് വന്നു. പദ്മയ്ക്കെതിരെ അസഭ്യ വര്‍ഷമാണ് ഫെയിസ്ബുക്കില് നടക്കുന്നത്. പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് വരെ ചിലര്‍ പോസ്റ്റിട്ടുകഴിഞ്ഞു.
പിന്നാലെ ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇതോടെ ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്ന ആര്‍.എസ്.എസ് പിന്നീട് നിലപാട് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. ടി.ജി മോഹന്‍ദാസ് അടക്കമുള്ള സംഘപരിവാര്‍ ബുദ്ധി ജീവികള്‍ക്കെതെരിയും വലിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
Leave a Reply