ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന് വിരമിക്കുന്നു. കമ്പനി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബന്‍സാല്‍ തന്റെ രാജി സന്നദ്ധത അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്റെ ജോലി കഴിഞ്ഞു, ഇത് കൈമാറാന്‍ സമയമായിരിക്കുന്നു എന്നാണ് ബന്‍സാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ഇന്ത്യന്‍ വിപണിയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിളിപ്കാര്‍ട്ടിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ നിന്ന് ഏറെക്കാലം വിട്ടു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗെയിമിംഗ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തിപരമായ ചില പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. 20 ബില്യണ്‍ ഡോളറിന് ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. രാജ്യാന്തര ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണ്‍ ഫ്ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് വാള്‍മാര്‍ട്ട് കരാറുറപ്പിക്കുകയായിരുന്നു. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെയും ഏറ്റവും വലിയ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആമസോണില്‍ ജീവനക്കാരായിരുന്ന ഐ.ഐ.ടി ബിരുദധാരികളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും 2007ല്‍ സ്ഥാപിച്ചതാണ് ഫ്ളിപ്പ്കാര്‍ട്ട്. ഓണ്‍ലൈന്‍ വഴി പുസ്തകങ്ങളുടെ വില്‍പ്പന നടത്തി ആരംഭിച്ച സ്ഥാപനം മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് കൂടിയ വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ 33,000 തൊഴിലാളികളുണ്ട് ഫ്ളിപ്പ്കാര്‍ട്ടിന് കീഴില്‍.