രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകളിൽ ആശങ്ക അറിയിച്ചും ജയ് ശ്രീരാം പോലുള്ള വിളികൾ ഉപയോഗിച്ചുള്ള ഇത്തരം കൊലകൾ തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന്, വിവിധ മേഖലകളിലെ 49 പ്രമുഖര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹ കേസുകള്‍ റദ്ദാക്കുമെന്ന് ബിഹാര്‍ പൊലീസ്‌. ബിഹാറിലെ മുസഫർപൂർ കോടതിയാണ് 49 പേർക്കെതിരെ രാജ്യദ്രോഹ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ദലിതുകളും മുസ്ലീങ്ങളുമാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നത് എന്നും ഇത് തടയാന്‍ ഇടപെടണമെന്നും സിനിമ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടിയും സംവിധായികയുമായ രേവതി തുടങ്ങിയവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സുധീര്‍ ഓഝ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ദുരുദ്ദേശത്തോടെയുള്ളതാണെന്നും പറഞ്ഞ ബിഹാര്‍ പൊലീസ് വക്താവ് ജിതേന്ദ്ര കുമാര്‍, പരാതിക്കാരനെതിരെ കേസെടുക്കുമെന്നും എന്‍ഡിടിവിയോട് പറഞ്ഞു. കേസ് ക്ലോസ് ചെയ്യാനും പരാതിക്കാരനെതിരെ കേസെടുക്കാനുമാണ് എസ്എസ്പി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ നല്‍കും. പ്രധാനമന്ത്രിക്ക് കത്ത് നൽകിയ 49 പേർക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തത് വലിയ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

അതേസമയം ബിജെപിക്കോ ആര്‍എസ്എസിനോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഈ രാജ്യദ്രോഹകേസുകളുമായി ഒരു ബന്ധവുമില്ല എന്നാണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദി പറയുന്നത്. പ്രമുഖ വ്യക്തികള്‍ക്കെതിരെ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് സുധീര്‍ ഓഝയുടെ സ്ഥിരം പരിപാടിയാണ് എന്ന് സുശീല്‍ മോദി പറയുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നടന്മാരായ അമിതാഭ് ബച്ചന്‍, ഹൃതിക് റോഷന്‍ തുടങ്ങിയവര്‍ക്കെതിരെ മുമ്പ് സുധീര്‍ ഓഝ കേസുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് സുശീല്‍ മോദി പറയുന്നത്. രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണ് സുധീര്‍ ഓഝ.