ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.
നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.
അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.
ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.
Leave a Reply