ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടുപേർ യുകെ മലയാളി സമൂഹത്തിൽ നിന്ന് വിട പറഞ്ഞതിൻെറ ഞെട്ടലിലാണ് ബ്രിട്ടനിലെ പ്രവാസി മലയാളികൾ. ഇന്ന് രാവിലെയാണ് കെന്റിലെ മലയാളി സമൂഹത്തിൻെറ പ്രിയപ്പെട്ട സജി ചേട്ടൻ മരണമടഞ്ഞത്. മെഡ് വേ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സുനു വർഗീസിൻെറ ഭർത്താവ് സജി ജേക്കബ് (56) ആണ് ഇന്ന് രാവിലെ 10 മണിക്ക് ലണ്ടനിലെ കിങ്സ് ആശുപത്രിയിൽ മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കിങ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജി ജേക്കബ് പന്തളം മുടിയൂർക്കോണം തെക്കെടത്ത്-പുത്തൻവീട്ടിൽ പരേതനായ ടി.എം. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ സുനു വർഗീസ് കോഴഞ്ചേരി തിയാടിക്കൽ കുടുംബാംഗമാണ്. നിതിൻ ജേക്കബ്, വിദ്യാർഥിയായ നെവിൻ ജേക്കബ് എന്നിവർ മക്കളാണ്. കെന്റിലെ ജില്ലിങ്ങാമിൽ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സഹോദരി ജെസ്സിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടൻ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ് സജി. ഇടവക സമൂഹത്തിലും മെഡ് വേയിലെ മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൂസ്റ്റർ ഷെയറിലെ റെഡ്ഡിച്ചിലെ പ്രവാസിമലയാളികൾ തങ്ങളിലൊരാളുടെ അകാല വിയോഗത്തിന്റെ വേദനയിലും ഞെട്ടലിലുമാണ്. കേരളത്തിൽ പൊൻകുന്നം സ്വദേശി ഷീജ കൃഷ്ണനാണ് ഇന്നലെ മരണമടഞ്ഞത്. അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.

സജി ജേക്കബിൻെറയും ഷീജാ കൃഷ്ണൻെറയും വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.