3 വർഷമായി ബ്രിട്ടനെ അലട്ടികൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് ബ്രെക്സിറ്റ്‌. ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത് 2016 ജൂൺ 23നാണ്. എന്നാൽ ഇന്ന് വരെ അതിന്റെ പ്രത്യാഘാതങ്ങൾ ബ്രിട്ടൻ നേരിടേണ്ടതായി വന്നു. 2019 ഒക്ടോബർ 31ന് തന്നെ ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പാക്കും എന്ന തീരുമാനത്തിൽ ഉറച്ചാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇപ്പോൾ ഭരണം നടത്തുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും ഉറ്റുനോക്കുന്നതും ഈ വിഷയം തന്നെയാണ്. എന്നാൽ ഒക്ടോബർ 31ന് നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള ശ്രമത്തിൽ, പ്രതിപക്ഷ എംപിമാർ ബോറിസ് ജോൺസന്റെ സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് സെപ്റ്റംബറിൽ നടത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിരിക്കുന്നത്. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അവിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബ്രെക്സിറ്റിന് കാലതാമസം വരുത്താനും ഒരു തിരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനുമാണ്‌ കോർബിൻ പദ്ധതിയിടുന്നത്.

മറ്റു പാർട്ടി നേതാക്കളുടെയും ടോറി പാർട്ടി വിമതരുടെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് കോർബിൻ അവർക്ക് കത്തയച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് വിളിക്കുമെന്ന് കോർബിൻ പറയുന്നു. എന്നാൽ അതിന് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഇതിൽ വിജയിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള തീരുമാനവുമായി ലേബർ പാർട്ടി രണ്ടാമത്തെ റഫറണ്ടത്തിനായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പല നേതാക്കൾ രംഗത്തെത്തി.

ഗ്രീൻ എംപി കരോലിൻ ലൂക്കാസും പ്ലെയ്ഡ് സിമ്‌റുവിന്റെ വെസ്റ്റമിനിസ്റ്റെർ നേതാവ് ലിസ് സാവിൽ റോബർട്സും അവിശ്വാസ വോട്ടെടുപ്പിനായുള്ള കോർബിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്തു. ബ്രെക്സിറ്റിനെച്ചൊല്ലി ടോറി പാർട്ടിയിൽ നിന്നും പുറത്തുപോയ സ്വതന്ത്ര എംപിയായ നിക്ക് ബൊലേസും കത്ത് സ്വീകരിച്ചു. എന്നാൽ കോർബിനെ പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. അവർ അദ്ദേഹത്തെ ‘ ഭിന്നിപ്പുകാരൻ ‘ എന്ന് വിളിച്ചു. എംപിമാരുടെ പിന്തുണയ്ക്ക് നിർദ്ദേശം നൽകില്ലെന്നും സ്വിൻസൺ പറഞ്ഞു. പ്രധാനമന്ത്രിയായാൽ, കോർബിൻ റഫറണ്ടം അസാധുവാക്കുമെന്നും യുകെയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ ജോൺസൻ പരാജയപ്പെട്ടാൽ അതൊരു പൊതുതെരഞ്ഞെടുപ്പിനാവും വഴിയൊരുക്കുക.