പ്രധാന സിറ്റി റോഡുകളില്‍ കുറഞ്ഞ വേഗപരിധിയുള്ള സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമെന്ന് മോട്ടോറിംഗ് ക്യാംപെയിനര്‍മാര്‍. സെയിഫര്‍ 15 മൈല്‍ പെര്‍ അവര്‍ സോണുകള്‍ വോഗ പരിധി കൂടിയ റോഡുകളേക്കാള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. റോഡ് സുരക്ഷയും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സോണുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ ആദ്യ സോണ്‍ ലണ്ടനിലെ ഒരു സ്‌ക്വയര്‍ മൈല്‍ പ്രദേശത്ത് ഈയാഴ്ച ആരംഭിക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 മൈല്‍ സോണുകള്‍ സ്ഥാപിച്ചതിലൂടെ ലണ്ടന്‍ നഗരത്തിലെ സൈക്കിള്‍ യാത്രക്കാരുടെയും മറ്റും അപകട മരണങ്ങളും ഗുരുതരമായ പരിക്കുകളും കുറച്ചിട്ടുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ലെന്നും സൂചനയുണ്ട്.
കോര്‍പേറേഷന്റെ ഈ നീക്കം അപകടങ്ങള്‍ കുറക്കില്ലെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുമെന്ന് മോട്ടോറിംഗ് ഗ്രൂപ്പായ ഐഎഎം റോഡ്‌സ്മാര്‍ട്ടും ഓട്ടോമൊബൈല്‍ അസോസിയേഷനും പറയുന്നു. വാഹനങ്ങളുടെ എന്‍ജിനുകള്‍ ഇടക്കിടെ നിര്‍ത്തുകയും സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ കൂടുതല്‍ വിഷവാതകങ്ങള്‍ പുറത്തു വരികയും അത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമാണെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. 15 മൈല്‍ വേഗ പരിധിയുള്ള സോണുകള്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഐഎഎം റോഡ്‌സ്മാര്‍ട്ട് വക്താവ് റോഡ്‌നി കുമാര്‍ പറയുന്നു. 20 മൈല്‍ മേഖലകളില്‍ ഡ്രൈവര്‍മാര്‍ 25 മൈല്‍ വേഗതയിലാണ് പോകുന്നത്. അതുതന്നെയായിരിക്കും 15 മൈല്‍ സോണുകളിലും നടക്കാന്‍ പോകുന്നത്.
ലണ്ടന്‍ റോഡുകളിലെ ഗതാഗതം കുതിരവണ്ടികളേക്കാള്‍ അധികം വേഗതയിലൊന്നുമല്ല. ഇത് മലിനീകരണം കുറയ്ക്കുമെന്ന് കരാതാനാകില്ലെന്നും കുമാര്‍ പറഞ്ഞു. ക്രോസിംഗുകള്‍, പിഞ്ച് പോയിന്റുകള്‍, സ്പീഡ് ഹംപുകള്‍ എന്നിവ സ്ഥാപിച്ച് സ്പീഡ് ലിമിറ്റിനുള്ളില്‍ നില്‍ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ക്യാംപെയിനര്‍മാര്‍ പറയുന്നു. 15 മൈല്‍ സോണുകള്‍ സ്ഥാപിക്കുന്നതിലൂടെ ലണ്ടന്‍ റോഡുകളിലെ അപകട മരണങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ ഭരിക്കുന്ന കോര്‍പറേഷന്‍ കരുതുന്നത്. ഇത്തരം വേഗ നിയന്ത്രണ മേഖലകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആദ്യ സോണാണ് ആരംഭിക്കാനിരിക്കുന്നത്. 2022ഓടെ ഈ സമ്പ്രദായം വ്യാപകമാക്കാനും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു.
Leave a Reply