യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്റർ ഇനിമുതൽ സേഫ് സോണുകളായാകും അറിയപ്പെടുക. ഇത്തരത്തിലുള്ള സേഫ് സോണുകളിൽ ഗർഭചിദ്ര സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ മന:പ്പൂർവ്വം തടസ്സപ്പെടുത്തുകയോ, അബോർഷന് എതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയോ, പ്രതിഷേധം നടത്തുകയോ ചെയ്താൽ ഇനിമുതൽ ക്രിമിനൽ കുറ്റമായാകും പരിഗണിക്കപ്പെടുക. ഗർഭച്ഛിദ്ര സേവനങ്ങൾ തേടുന്ന സ്ത്രീകൾക്ക് പ്രതിഷേധങ്ങളിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ അബോർഷൻ ക്ലിനിക്കുകൾക്കും പുറത്ത് ഇത്തരത്തിലുള്ള സംരക്ഷണ മേഖലകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നര വർഷം മുൻപാണ് പുതിയ മാറ്റങ്ങൾക്കുള്ള ഈ ബിൽ പാസാക്കപ്പെട്ടത്. പിന്നീട് പാർലമെൻ്റിനുള്ളിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്ക് ശേഷം, പൊതുജനാഭിപ്രായം കുടി തേടേണ്ടി വന്നതോടെയാണ് ബിൽ നടപ്പിലാക്കാൻ വൈകിയത്. വിവിധതരത്തിലുള്ള പ്രതികരണങ്ങളാണ് ബില്ലിനോട് അനുബന്ധിച്ച് പുറത്തുവരുന്നത്. അബോർഷൻ എതിരെയുള്ള പ്രതിഷേധക്കാരിൽ നിന്ന് തങ്ങൾക്ക് അനുഭവിക്കുന്ന ക്രൂരതകളിൽ നിന്നുള്ള ഒരു വിടുതലാണ് ഈ ബില്ലിലൂടെ ലഭിക്കുന്നതെന്ന് നേഴ്സായ കെന്റൽ റോബിൻസ് മാധ്യമങ്ങളോട് പറഞ്ഞു. അബോർഷനുള്ള തീരുമാനമെടുക്കുന്ന സ്ത്രീകൾ തികച്ചും ദുർബലരാണെന്നും, അവർ ജീവിതത്തിന്റെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുകയും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട്ലൻഡിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം കഴിഞ്ഞ മാസം മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. അതേസമയം ഈ നിയമ നിർമ്മാണം 2023 സെപ്റ്റംബർ മുതൽ നോർത്തേൺ അയർലണ്ടിൽ നിലവിലുണ്ട്. എന്നാൽ നിയമനിർമ്മാണം വന്നെങ്കിൽ പോലും, അബോർഷനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതികരണമാണ് പ്രതിഷേധക്കാർ നൽകുന്നത്. സെൻട്രൽ ലണ്ടനിലെ മേരി സ്റ്റോപ്സ് ഇൻ്റർനാഷണൽ (എംഎസ്ഐ) സെൻ്ററിന് സമീപമുള്ള ഒരു തെരുവിൽ ജപമാല മുത്തുകളും പ്ലക്കാർഡുമായി പ്രതിഷേധിച്ച മൂന്ന് പേർ തങ്ങൾ 150 മീറ്ററിന് പുറത്താണെന്ന് ഉറപ്പുവരുത്തിയാണ് പ്രതിഷേധിക്കുന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർന്നും ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.