സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് ബാധിതർ രോഗമുക്തി നേടുന്നുണ്ടെങ്കിലും അവർ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ മാസങ്ങൾ വേണ്ടിവരും. കൊറോണ വൈറസ് രോഗികൾക്ക് മാസങ്ങളോളം ശ്വാസതടസ്സം നേരിടേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കോവിഡ് 19തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സേജ് മീറ്റിംഗിൽ ചർച്ചചെയ്യുകയുണ്ടായി. രോഗബാധിതരായവർ പൂർണ്ണമായി സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തതയില്ല. കോവിഡ് -19 അതിജീവിച്ചവർക്ക് ആഴ്ചകളോളം ക്ഷീണം ഉണ്ടാവുമെന്ന് സേജ് പാനൽ മുന്നറിയിപ്പ് നൽകി. കോവിഡ് -19നെതിരെ പടപൊരുതി ആശുപത്രിയിൽ നിന്നും തിരികെയെത്തിയതിന് ശേഷമുള്ള ആദ്യത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ ബോറിസ് ജോൺസൺ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരുന്നു. കോവിഡ് ബാധിതരായ മറ്റാളുകൾ തങ്ങളുടെ ബലം കുറഞ്ഞതായും പടികൾ കയറുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും വെളിപ്പെടുത്തി.
ലോകമെമ്പാടുമുള്ള 370,000ത്തിൽ അധികം ആളുകളെ കൊന്നൊടുക്കിയ കോവിഡ് -19 ൽ നിന്ന് രോഗമുക്തി നേടിയവർ പൂർണ്ണമായി സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോൾ വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നവർക്ക് ശ്വാസകോശത്തിനും കരളിനും സ്ഥിരമായ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അവർ അറിയിച്ചു. ആഴ്ചകളോളം ആശുപത്രി വാർഡുകളിൽ കിടന്ന രോഗികൾക്ക് ചലനാത്മകത നഷ്ടപ്പെടുമെന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയ അപൂർവ ലക്ഷണങ്ങളെക്കുറിച്ചും ഉപദേശകർ മുന്നറിയിപ്പ് നൽകി. ഇവ രണ്ടും കോവിഡ് -19മായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് അതിജീവിച്ചവരിൽ ഉയർന്ന ശതമാനം ആളുകൾക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ഗവൺമെന്റിന്റെ ഒരു ശാസ്ത്ര ഉപദേഷ്ടാവ് ടെലിഗ്രാഫിനോട് പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ് സേജ്.
കൊറോണ വൈറസ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ 5 മരുന്നുകൾ പരീക്ഷിച്ചു വരുന്നു. ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തപ്പെടും. രോഗികളിൽ പരീക്ഷിക്കുന്ന മരുന്നുകളിൽ ബ്ലഡ് ക്ലോട്ടിംഗ് തടയുമെന്ന് പ്രതീക്ഷിക്കുന്ന ഹെപ്പാരിൻ ഉൾപ്പെടുന്നു. ബെൽജിയൻ കമ്പനിയായ യുസിബി നിർമ്മിക്കുന്ന സിലുക്കോപ്ലാൻ ശ്വാസകോശത്തിന്റെ കേടുപാടുകൾ പരിഹരിച്ചേക്കും. ഒപ്പം ബെംസെറ്റിനിബ്, എംഇഡിഐ 3506, അകാലാബ്രൂട്ടിനിബ് എന്നിവയും ട്രയലിൽ ഉൾപ്പെടുന്നു. ഏപ്രിൽ അവസാനത്തോടെ ആരംഭിക്കാൻ അനുമതി ലഭിച്ച അക്കോർഡ് പഠനത്തിൽ ബ്രിട്ടനിലെ മുപ്പത് എൻഎച്ച്എസ് ആശുപത്രികൾ ഉൾപ്പെടും. ബോറിസ് ജോൺസനെ ചികിത്സിച്ചിരുന്ന ലണ്ടനിലെ സെന്റ് തോമസും ഗൈസും ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ്, ലീസ്റ്റർ, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിൽ ഈ മരുന്നുകൾ ഫലപ്രദമാണോ എന്ന് കണ്ടെത്താനാണ് സതാംപ്ടൺ സർവകലാശാലയുടെ നേതൃത്വത്തിലുള്ള ട്രയൽ ലക്ഷ്യമിടുന്നത്. സതാംപ്ടൺ ജനറൽ ആശുപത്രിയിൽ 120 രോഗികളുടെ പരിശോധന ഫലം ജൂൺ അവസാനത്തോടെ പ്രതീക്ഷിക്കുന്നു. രണ്ടാം ഘട്ട പഠനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മരുന്നാണ് ബ്രിട്ടീഷ്-നോർവീജിയൻ ബയോഫാർമ കമ്പനിയായ ബെർജെൻബിയോയുടെ ബെംസെന്റിനിബ്. ഈ മരുന്ന് രോഗികളുടെ ജീവൻ രക്ഷിക്കുമെന്നും അവർക്ക് പ്രയോജനകരമാകുന്നതിന്റെ 80 ശതമാനം സാധ്യതയുണ്ടെന്നും ബെർജെൻബിയോ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗോഡ്‌ഫ്രെ ഞായറാഴ്ച പറഞ്ഞിരുന്നു.
Leave a Reply