ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡെൽറ്റ വേരിയന്റ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുമെന്ന് സേജ് മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്നെങ്കിലും ‘ഇളവുകളിൽ സന്തുഷ്ടരാവരുതെന്ന്’ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് വിശാലമായ ഇളവുകളിലൂടെ ലോക്ക്ഡൗൺ അവസാനിപ്പിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചു. ഇത് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയല്ലെന്നും കോവിഡ് അവസാനിക്കുന്നില്ലെന്നും ദൈനംദിന കേസുകൾ 50,000ത്തിന് മുകളിൽ എത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രി പ്രവേശനവും മരണവും കുറവാണെങ്കിലും കേസുകൾ കുതിച്ചുയരുന്നതിൽ വലിയ അപകടങ്ങളുണ്ടെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി ( സേജ് ) വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസ് നിയന്ത്രിക്കാനായി പുറത്തിറക്കിയ രേഖകളിലെ ചില ‘അടിസ്ഥാന നടപടികൾ’ തുടരേണ്ടിവരുമെന്ന് സേജ് മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് ഇളവുകൾ കൊണ്ടുവരണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ആഴ്ച ആരംഭത്തിൽ തന്നെ എടുക്കുമെങ്കിലും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്. വാക്സിൻ പ്രോഗ്രാം വിജയകരമായി തുടരുകയാണെന്നും നിയന്ത്രണങ്ങൾ നിലനിർത്തുന്നത് ‘ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അവരുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും’ ജോൺസൺ പറഞ്ഞു. വലിയ വിവാഹങ്ങളും ആൾക്കൂട്ടങ്ങളും മാസ്ക് ഉപേക്ഷിച്ചുള്ള സഞ്ചാരവുമൊക്കെ ഇളവുകളിൽ ഉൾപ്പെടുന്നുണ്ട്. കെയർ ഹോമിൽ സന്ദർശകരെ അനുവദിക്കുകയും ചെയ്യും.

ഗവൺമെന്റ് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസറും (സി‌എം‌ഒ) ക്രിസ് വിറ്റിയും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ ജോൺസനൊപ്പം പങ്കെടുത്തിരുന്നു. രോഗം വരുമ്പോൾ ഐസൊലേഷനിൽ കഴിയുന്നത് തുടരണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വളരെ ഫലപ്രദമാണെന്നും വിദഗ്ദ്ധർ പറഞ്ഞു. സമീപഭാവിയിൽ ബ്രിട്ടീഷുകാർ ചില നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന സൂചന നൽകിയ സേജ്, ‘ ശീതകാലത്തും ശക്തമായ നടപടികൾ ആവശ്യമാണെന്ന്’ മുന്നറിയിപ്പ് നൽകി. അതേസമയം 40 വയസ്സിന് താഴെയുള്ളവർക്ക് വാക്സീൻ ഒന്നാം ഡോസ് സ്വീകരിച്ചതിനു എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് അറിയിച്ചു. നേരത്തെ ഇത് പന്ത്രണ്ട് ആഴ്ച ആയിരുന്നു. ബ്രിട്ടനിൽ ഇന്നലെ 27,334 കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.