തലവടി :സൗഹൃദ വേദിയുടെ സേവനപദ്ധതികൾ മാതൃകപരമെന്ന് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ. സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ക്യാൻസർ രോഗിയായ ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ തുടർ ചികിത്സയ്ക്കായി പാപ്പൻ ചികിത്സ സഹായ സമിതി സമാഹരിച്ച തുക കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രദേശത്തെ വീടുകൾ സന്ദർശിച്ച് സമാഹരിച്ച തുക കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ തുക പാപ്പൻ്റെ കുടുംബത്തിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് മുഖ്യ പ്രഭാഷണം നടത്തി. റവ.ഫാദർ ഷിജു മാത്യു, ജെയിംസ് ചീരംകുന്നേൽ (ജനറൽ കൺവീനർ),കെ.കെ. ഉത്തമൻ (കൺവീനർ) ,സി.കെ പ്രസന്നൻ (സെക്രട്ടറി), വർഗ്ഗീസ് വർഗ്ഗീസ്, വിൻസൻ പൊയ്യാലുമാലിൽ,സുരേഷ് പരുത്തിക്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള ,എ.ജെ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന പാപ്പന് നടുവ് വേദന അനുഭവപെട്ടതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്.തുടർ ചികിത്സക്കും പരിശോധനകൾക്കും , ശസ്ത്രക്രിയയ്ക്കും മറ്റും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ രക്ഷാധികാരിയായി സമിതി രൂപികരിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

.