പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.

അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.

ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.