മരിച്ച ഭര്‍ത്താവിനെ കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം. നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ കാരണം വൈകിയത്. പ്രിയപ്പെട്ടവന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യയും മക്കളും നാട്ടിലെത്തിയെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞാണ് അവര്‍ സാജനെ കണ്ടത്.

ഹോട്ടല്‍ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിന്‍, നേഹ, നവീന എന്നിവര്‍ 25 വര്‍ഷത്തിലേറെയായി ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാണ്. അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനാണ് മൂത്ത മകന്‍ ജിതിന്‍. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജന്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 14-ന് ചിങ്ങവനത്ത് വെച്ച് മരണം സംഭവിച്ചു.

മരണവാര്‍ത്തയറിഞ്ഞതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും കൊറോണ വ്യാപനം തീവ്രമായ അമേരിക്കയില്‍ വിദേശയാത്ര വിലക്കിയിരുന്നു. ഒടുവില്‍ യാത്രാ അനുമതിക്കായി സാജന്റെ മരണസര്‍ട്ടിഫിക്കറ്റ് നാട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി വഴി ഹാജരാക്കേണ്ടിവന്നു . അഞ്ചുദിവസം കഴിഞ്ഞ് 19-നാണ് ഇവര്‍ക്ക് വിസയും യാത്രാനുമതിയും ലഭിച്ചത്.

എന്നാല്‍ അവധി ലഭിക്കാത്തതിനാല്‍ മകന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. കടമ്പകള്‍ ഏറെ കടന്നതിനുശേഷം പ്രിയപ്പെട്ടവനെ അവസാനമായി കാണാന്‍ സുബയും രണ്ട് പെണ്‍മക്കളും 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ വീട്ടിലെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവന്നു. ഏകാന്തവാസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്.

രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു. ആളുകള്‍ കൂട്ടംകൂടാതെ നോക്കാന്‍ പ്രത്യേക ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സാനിറ്റൈസറും ഹാന്‍ഡ്വാഷും വീടിനോട് ചേര്‍ന്ന് ഒരുക്കി. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തിയിരുന്നു.

തുടര്‍ന്ന് പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങുകളില്‍ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.