സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലും, ടി.വി.ചാനലിലും പ്രചരിക്കുന്നത് ചിരിച്ചുകൊണ്ട് കണ്ട് നില്‍ക്കുകയായിരുന്നു സാജന്‍. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന്‍ അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ വെന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു. ‘അയാളെ പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’. വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു.

Image result for sajan palluruthy funny talk on his death fak issue

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പണം കൊടുക്കാനുള്ളവര്‍ക്കൊക്കെ കൊടുത്തിട്ടാ പോയത്. കുറച്ചുദിവസമായി മുഖത്ത് സന്തോഷമുണ്ടായിരുന്നു എന്നൊക്കെ നാട്ടിലെ ചായക്കടയിലിരുന്ന് ഒരാള്‍ പറഞ്ഞ കാര്യം പള്ളുരുത്തിയിലെ ഒരു സുഹൃത്താണ് പറഞ്ഞത്. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.

പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം. മരിക്കാതെ മരിച്ച സാജന്‍ പറയുന്നു.