ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഓവേറിയൻ ക്യാൻസറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്ന എൻഎച്ച്എസിന്റെ വെബ്സൈറ്റിൽ നിന്നും സ്ത്രീകൾ എന്ന പദം നീക്കം ചെയ്ത നടപടിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ്. ഏറ്റവും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുവാൻ സാമാന്യബോധത്തിന് നിരക്കുന്ന പദങ്ങളും ശരിയായ ഭാഷയും ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ പദത്തെ സംബന്ധിച്ച് നിരവധി ആശങ്കകൾ നിലനിൽക്കുന്നതിനാൽ, തിരികെ ഈ പദം കൊണ്ടു വരണമോ എന്ന് ട്രസ്റ്റുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ എന്ന പദത്തിന് പകരം , ജെൻഡർ ന്യൂട്രൽ ആയ പദമാണ് ഇപ്പോൾ സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഓവറികൾ ഉള്ള ഏതൊരാൾക്കും ഓവേറിയൻ ക്യാൻസർ ബാധിക്കാം എന്ന രീതിയിലാണ് സൈറ്റിൽ നൽകിയിരിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ജെൻഡർ ന്യൂട്രൽ പദങ്ങൾ ജനങ്ങൾക്ക് എല്ലാവർക്കും സുപരിചിതമല്ലെന്നും അതിനാൽ തന്നെ ഇവയ്ക്ക് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിലെ ചൈൽഡ് ഹെൽത്ത് എക്സ്പേർട്ട് ഡോക്ടർ കർലീൻ ഗ്രിബിൾ വ്യക്തമാക്കി. ജനങ്ങളിൽ പലർക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, സ്ത്രീകൾ എന്ന പദം തന്നെയാകും കൂടുതൽ ഉചിതം എന്ന അഭിപ്രായമാണ് ആരോഗ്യ സെക്രട്ടറിയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ എൻ എച്ച് എസ് വെബ്സൈറ്റിൽ വിവരങ്ങൾ എല്ലാവർക്കും വേണ്ടിയാണ് പ്രസിദ്ധീകരിക്കുന്നതെന്നും, എല്ലാം വിഭാഗങ്ങളിലുമുള്ള ജനങ്ങളെ ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പദം ഉൾപ്പെടുത്തിയതെന്നും എൻഎച്ച്എസ് ഡിജിറ്റൽ വക്താവ് അറിയിച്ചു.
Leave a Reply