ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ മാലിന്യ സംഭരണ തൊഴിലാളികള്‍ മാസങ്ങളായി നടത്തി വരുന്ന സമരം ഒത്തുതീര്‍ന്നു. ജൂണ്‍ മാസം മുതല്‍ നടന്നുവരുന്ന സമരത്തിനാണ് അന്ത്യം കുറിച്ചത്. കണ്‍സിലിയേഷന്‍ സര്‍വീസ് അകാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് യൂണിയന്‍ അംഗങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരത്തെത്തുടര്‍ന്ന് തെരുവുകളില്‍ ആയിരക്കണക്കിന് ടണ്‍ മാലിന്യമാണ് സംഭരിക്കാതെ കുന്നുകൂടിയത്.

സാമാന്യബുദ്ധിയുടെ വിജയം എന്നായിരുന്നു ഇതേക്കുറിച്ച് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഹോവാര്‍ഡ് ബെക്കറ്റ് പറഞ്ഞത്. സമരം പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.ശമ്പളത്തിലും ജോലി സാഹചര്യങ്ങളിലും കൗണ്‍സില്‍ വരുത്തിയ മാറ്റങ്ങള്‍ തങ്ങളുടെ ജോലിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെഫ്യൂസ് കളക്ഷന്‍ ജീവനക്കാര്‍ ജൂണില്‍ സമരം പ്രഖ്യാപിച്ചത്. കരാറനുസരിച്ച് ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ പുതിയ ജോലികള്‍ നല്‍കും.

റെഫ്യൂസ് വര്‍ക്കര്‍മാരുടെ ജീവിതം കഷ്ടത നിറഞ്ഞതാകാതിരിക്കാനാണ് സമരം പ്രഖ്യാപിച്ചതെന്ന് ബര്‍മിംഗ്ഹാമിലെ ജനങ്ങളോട് യുണൈറ്റ് ചീഫ് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തുടരും. തിങ്കളാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. യൂണിയന്റെ കോടതിച്ചെലവ് നല്‍കാമെന്ന് കൗണ്‍സില്‍ അറിയിച്ചതായും ബെക്കറ്റ് അറിയിച്ചു.