ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. നിരവധി സീരിയലുകളില്‍ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു.

വിവാഹ ശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് കാലത്തോളമായി നടിയെ എങ്ങും കാണാനില്ലായിരുന്നു. സജിത ബേട്ടി എവിടെ പോയി എന്ന് അന്വേഷിക്കുന്നവര്‍ക്ക് മുന്നിലേക്ക് നടി വീണ്ടും എത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന്നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ സജിത പറഞ്ഞിരിക്കുകയാണ്.

അഭിനയ ജീവിതം ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്ന് കൃത്യമായി ഓര്‍മയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായിട്ടാണ് തുടക്കം. ഇതിനകം അറുപതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ടെലിവിഷനില്‍ ടെലി ഫിലിമിലൂടെയാണ് തുടക്കം. ‘തഹസില്‍ദാര്‍ താമരാഷന്‍’ എന്ന സിനിമയില്‍ തെസ്‌നി ഖാന്റെ മകളായി അഭിനയിച്ചു. ചെറുതിലേ, പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍ ധാരളം ചെയ്തു. അത് കൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷന്‍ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി, ഇത്ര കാലം തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീരിയലില്‍ കാവ്യഞ്ജലി, അമ്മക്കിളി, ആലിപ്പഴം, ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലില്‍ എക്കാലവും വലിയ താരപദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തില്‍ രണ്ടര വര്‍ഷത്തോളമായി സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീല്‍ ചെയ്യുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ‘സീത’ ചെയ്തത്. പിന്നീട് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ അഞ്ചാം മാസത്തില്‍ ഒരു സിനിമ ചെയ്തിരുന്നു. ഡെലവറി കഴിഞ്ഞാണ് അത് പൂര്‍ത്തിയാക്കിയത്.

ഷമാസിക്കയ്ക്ക് (ഭര്‍ത്താവ്) കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് തമാസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയ വിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവുമാണ്. മോള്‍ക്കൊപ്പമാണ് എന്റെ മുഴുവന്‍ സമയവുമെന്നും സജിത പറയുന്നു.

ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട് മോള്‍ക്ക് വേണ്ടി മാറി നിന്നതാണ്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് കാണണമെന്നും നടി പറയുന്നു.