ന്യൂസ് ഡെസ്ക് , മലയാളം യുകെ

2010 സ്റ്റുഡന്റ് വിസയിൽ ആദ്യമായി യുകെയിൽ എത്തിയപ്പോൾ ഒമ്പത് കൊല്ലത്തിനുശേഷം ഇന്റർനാഷണൽ സ്പോർട്ടിംഗിൽ താൻ ഇംഗ്ലണ്ടിന്റെ കബഡി ടീമിൽ പ്രവേശിക്കും എന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ചില സത്യങ്ങൾ അങ്ങനെയാണ്, സ്വപ്നങ്ങളേക്കാൾ മധുരവും സുഖവും ഉള്ളത്. കബഡിയോടുള്ള തന്റെ ആത്മാർത്ഥതയും ഇഷ്ടവുമാണ് തന്നെ ടീമിലെത്തിച്ചതെന്നാണ് ഇപ്പോഴും സാജു വിശ്വസിക്കുന്നത്. ഇന്ന് സാജു ബ്രിട്ടണിലെ സ്റ്റാൻഡേർഡ് സ്റ്റൈൽ കബഡി ടീമിലെ മികച്ച കളിക്കാരനാണ്.

ഇംഗ്ലണ്ടിൽ നേഴ്സായ സാജു ടീമിൽ എത്തുന്നത് 2018 ലാണ്, സാജു എത്തുമ്പോൾ കബഡി ഇംഗ്ലണ്ടിൽ അത്ര പ്രബലമോ ജനപ്രിയമായതോ ആയിരുന്നില്ല. എന്നാൽ ഇന്ന് യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാണത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഷണൽ കോച്ചായ അശോക ദാസിനെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് സാജു വിശ്വസിക്കുന്നു. ഇന്ന് വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ കളിക്കുന്ന, തീർത്തും വ്യത്യസ്തമായ എത്തിനിക് പാരമ്പര്യങ്ങളിൽ നിന്ന് വരുന്ന കളിക്കാരെ കൊണ്ട് ചടുലവും വർണാഭവുമാണ് ടീം. ബ്രിട്ടീഷ് ഇന്ത്യക്കാർ പലരും ഉണ്ടെങ്കിലും ടീമിലെ ഒരേയൊരു മലയാളിയാണ് സാജു. ബിബിസിയിലെ ഒരു വാർത്ത കണ്ടതിനെത്തുടർന്ന് 2012-13 കാലഘട്ടത്തിലാണ് ഞാൻ അശോക ദാസ് എന്ന കോച്ചിനെ പരിചയപ്പെടുന്നത്, സാജു പറയുന്നു. ആ കാലത്ത് ജോലിചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, കാർ ഒന്നുമില്ല. അദ്ദേഹം ബർമിങ്ഹാമിലും ഞാൻ വിൽട്ഷെയറിലും ആയിരുന്നു. തമ്മിൽ പരിചയം നിലനിർത്തി എന്നല്ലാതെ പോയി വരാൻ എളുപ്പം ഉണ്ടായിരുന്നില്ല.

സാജു മാത്യു : മുൻ നിരയിൽ ഇടത്ത് നിന്നും രണ്ടാമത്

എന്നാൽ സാജു കാത്തിരുന്നു, 2017ൽ പൗരത്വവും, സ്വന്തമായി വീടും, സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പും ആയപ്പോൾ കബഡിയിലും തന്റെ ചുവടുറപ്പിക്കാൻ സാജു തീരുമാനിച്ചു. 2017 -18 കാലഘട്ടത്തിൽ ആണ് സാജു ദാസിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നത്, അതു മാസത്തിൽ ഒന്നോ രണ്ടോ തവണ. ഒടുവിൽ 2019 സ്കോട്ട്ലൻഡിൽ വച്ച് നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ടീമിന് മിന്നും ജയം.

സാമൂഹിക അകലം പാലിച്ച് പരിശീലിക്കാവുന്ന ഒരു കായിക ഇനം അല്ല കബഡി, അതുകൊണ്ട് ഇത്തവണ ടീമിനധികം പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷെ 2021ൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിനെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്.

ഒരു കളിക്കാരനെ ഏറ്റവും മികച്ച വർഷങ്ങൾ 18 മുതൽ 30 വയസ്സുവരെയാണ്. എന്നാൽ സാജു ടീമിലെത്തുന്നത് ആവട്ടെ, 30 വയസ്സിനു ശേഷവും. നിരവധി കബഡി ക്ലബ്ബുകൾ ഉള്ള ആലപ്പുഴയിൽ കുട്ടിക്കാലം ചെലവഴിച്ച് സാജുവിന് പക്ഷേ അന്ന് ക്രിക്കറ്റിനോടും ബാഡ്മിന്റനോടുമായിരുന്നു താല്പര്യം, പതിനാറാം വയസ്സിൽ സ്കൂൾ കബഡി ടീമിൽ കളിക്കാരുടെ എണ്ണം തികയാതെ ഇരുന്നപ്പോഴാണ്, കളിയുടെ നിയമം പോലുമറിയാതെ ആദ്യമായി കളിച്ചത്, അന്ന് കളി തോറ്റു. പക്ഷേ അതൊരു വഴിത്തിരിവായിരുന്നു. നാട്ടിൽ കളിക്കാർക്കൊപ്പം ഒരു കബഡി ക്ലബ്ബ് തുടങ്ങിയിരുന്നെങ്കിലും, ബാംഗ്ലൂരിൽ നഴ്സിംഗ് പഠനത്തിനും റാഞ്ചിയിൽ ജോലിക്കും ചേർന്നപ്പോൾ തിരക്കുകളിൽ പെട്ടുപോയി. പിന്നീട് നാട്ടിലെത്തുന്ന ഇടവേളകളിൽ മാത്രമായി പരിശീലനം. നാളുകൾക്ക് ശേഷം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കോഴ്സ് പഠിക്കാനായി യുകെയിലേക്ക് പോകേണ്ടിവന്നു. എങ്കിലും നാട്ടിലെ ക്ലബ്ബിന്റെ പ്രവർത്തനം സുഗമമായി നടത്താൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം സാജു ചെയ്യാറുണ്ട്. കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമെന്ന് ഈ ആലപ്പുഴക്കാരൻ തുറന്നു സമ്മതിക്കുന്നു.