മിമിക്രി എന്നാല്‍ ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം കേള്‍ക്കുന്നതിനെ കുറിച്ച് നടന്‍ സലിം കുമാര്‍. മിമിക്രി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരില്‍ തരംതാഴ്ത്തിയിട്ടുണ്ട് എന്നാണ് പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.
ഒരുപാട് കലാകാരന്മാര്‍ ജീവിച്ചു പോകുന്ന ഒരു മേഖലയാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാര്‍ഗമാക്കിയവര്‍ നിരവധിയാണ്. മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്.
എത്ര പേര്‍ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്.
അത് അദ്ദേഹം മിമിക്രിക്കാരനായതു കൊണ്ട് മാത്രമായിരുന്നു. ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും പലരും ചോദിച്ചിരുന്നു. അപരന്‍ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നു.
Leave a Reply