കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്.
സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.
Leave a Reply