തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഗുരുതര രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ജീവിതത്തിൽ തുടരെ തുടരെ തന്നെ തേടിവരുന്ന വെല്ലുവിളികളിൽ ഒന്നായിട്ടാണ്, മാസങ്ങൾക്ക് മുൻപ് തനിക്ക് ഈ രോഗം സ്ഥിരീകരിച്ചതെന്നും സമാന്ത കുറിപ്പിൽ പറയുന്നു. രോഗം പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറയുന്നതായും താരം പങ്കുവയ്ക്കുന്നു.

‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടൻ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാൻ കരുതുന്നു. എന്നാൽ രോഗമുക്തി നേടാൻ കുറച്ച് അധികം സമയമെടുക്കും. ഇക്കാര്യം അംഗീകരിക്കുക എന്നതാണ് ഞാൻ ഇപ്പോഴും നേരിടുന്ന ബുദ്ധിമുട്ട്.

ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ട്. എനിക്ക് നല്ല ദിവസങ്ങളും മോശം ദിനങ്ങളും ജീവിതത്തിൽ ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും..’ സമാന്ത കുറിച്ചു.

സിനിമാജീവിതത്തിൽ ഏറ്റവും നല്ല നിലയിൽ നിൽക്കുമ്പോഴാണ് താരത്തെ തേടി രോഗം എത്തിയത് എന്നത് ആരാധകർക്കും വേദനയുണ്ടാക്കുന്നു. പ്രാർഥനയോടെ കമന്റ് ബോക്സിൽ താരത്തെ ആശ്വസിപ്പിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. കഴിഞ്ഞ വർഷമാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം സമാന്ത വേർപിരിഞ്ഞത്.