മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും 1950 ലാണ് ഭൂമി വഖഫ് ആയതെന്നുമാണ് ഉമര്‍ ഫൈസിയുടെ അവകാശവാദം. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല.

അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്.

ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെ തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരു പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വഖഫ് ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. വഖഫ് ഭൂമി പ്രശ്നം മറ്റു തരത്തില്‍ പരിഹരിക്കാനാകില്ലെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. നിരപരാധികളായ പ്രദേശവാസികളെ സംരക്ഷിക്കണം. ആ ഭൂമിയിലെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയാണ് വേണ്ടത്.

അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അവകാശപ്പെട്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

താല്‍പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.