സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായി നാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്

സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായി നാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്
November 22 13:07 2020 Print This Article

ബിജു ഗോപിനാഥ്

കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് കുട്ടികളെ കർമ്മോത്സുകരാക്കുന്നതിനും അവരെ സോഷ്യൽ മീഡിയായിൽ നിന്നും ഓൺലൈൻ ഗെയിമുകളിൽ നിന്നും അല്പം വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി സമീക്ഷ സർഗവേദി നടത്തിയ ചിത്രരചന, ചലച്ചിത്ര ഗാനം, നൃത്തം , പ്രസംഗം മത്സരങ്ങളെ ആവേശത്തോടു കൂടി സ്വീകരിച്ച യു കെയിലെ മലയാളികൾക്ക് സമീക്ഷ സർഗവേദി ആദ്യമായി നന്ദി പറയുന്നു.

മത്സരങ്ങളുടെ നിലവാരം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും മത്സരങ്ങൾ എല്ലാം ശ്രദ്ധേയമായി. അവസാനം നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗ മത്സരം മലയാളികളോടൊപ്പം മറ്റ് ഇൻഡ്യക്കാരെയും ഇംഗ്ലീഷുകാരെയും ഒരു പോലെ അത്ഭുതപ്പെടുത്തി. സമീക്ഷ സർഗവേദി പ്രാഥമീകമായി ഷോർട്ട് ലിസ്റ്റ് ചെയ്ത് വിധികർത്താക്കൾക്ക് അയച്ചുകൊടുത്ത എൻട്രികളിൽ, പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ മൂന്നു എൻട്രികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത്, സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോൾ മത്സരത്തിൻ്റെ ആവേശം ഉച്ചസ്ഥായിയിലായി. മത്സരങ്ങൾക്ക് അവസാന വിധി പറഞ്ഞത് വിധികർത്താക്കൾ നല്കിയ മാർക്കിന് 90 ശതമാനവും സോഷ്യൽ വോട്ടിംഗിന് 10 ശതമാനവും വെയ്റ്റേജ്. നല്കികൊണ്ടാണ് എന്നതു ശരിയായ തിരഞ്ഞെടുപ്പിന് ഉതകി.

സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യു കെ യുടെ ഒക്ടോബർ മാസത്തിൽ വെർച്ച്വൽ ആയി നടന്ന ദേശീയ സമ്മേളനത്തിൽ അഭിനന്ദിച്ചു: ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് സ്പോൺസേർഡ് സമ്മാനങ്ങളും നൽകാൻ വിവിധ സമീക്ഷ ബ്രാഞ്ചുകൾക്ക് അയച്ചുകൊടുത്തു എങ്കിലും ലോക്ക്ഡൗൺ മൂലം മാഞ്ചസ്റ്റർ ഒഴികെയുള്ള ബ്രാഞ്ചുകൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ചില മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് സമ്മാനങ്ങൾ അവർക്ക് പോസ്റ്റിൽ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങൾ ബ്രാഞ്ച് ഭാരവാഹികളുടെ കൈയ്യിൽ എത്തിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ തീരുന്ന മുറയ്ക്ക് അത് ബ്രാഞ്ച് അധികൃതർ വിജയികൾക്ക് നല്കുന്നതാണ്. മാഞ്ചസ്റ്റർ ബ്രാഞ്ച് അവരുടെ സമ്മാനങ്ങൾ ലോക് ഡൗണിനു മുൻപ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂർത്തീകരിച്ചു. സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവർത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സർഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയ്യാറാക്കിയ രക്ഷകർത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഇതു വരെ കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്ന സമീക്ഷ സർഗവേദി നിർണ്ണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേരളത്തിൻ്റെ തനതു കലയായ നാടൻ പാട്ടു മത്സരവുമായി ആകർഷകങ്ങളായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് സമീക്ഷ സർഗവേദി എത്തുന്നു. അതു കൊണ്ടു തന്നെ മത്സരങ്ങളുടെ ചൂടും ചൂരും ഇരട്ടിയായാൽ അത്ഭുതപ്പെടേണ്ടതില്ല. ഡിസംബർ ഒന്നു മുതൽ 31 വരെയുള്ള ജനപ്രിയ നാടൻ പാട്ട് മത്സരത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ സർഗവേദി തുടങ്ങിക്കഴിഞ്ഞു. മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എല്ലാ നാടൻപാട്ട് കലാകാരൻമാരെയും കലാകാരികളെയും സമീക്ഷ സർഗവേദിയിലൂടെ മറ്റുരയ്ക്കുന്നതിന് സർഗവേദി ക്ഷണിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles