ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ: ജോ ജോസഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടയായ സമീക്ഷ യുകെ . കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം തൃക്കാരെയെ എത്തിക്കാൻ തൃക്കരയിലെ എല്ലാ പ്രവാസി കുടുംബങ്ങളും സ്ഥാനാർത്ഥിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഒഴുകിയെത്തുന്ന പ്രവാസി സമ്പാദ്യത്തിന്റെ 19% വും കേരളത്തിലാണ് എത്തുന്നത്. ഇത് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30% വരും . കേരളത്തിലെകാർഷിക , വ്യവസായ വരുമാനത്തേക്കാൾ എത്രയോ മടങ്ങാണി ത്.

പശ്ചാത്തല , വികസനത്തിന് സമാനതകളില്ലാത്ത പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. സ്വദേശി വത്ക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും പ്രവാസ ജീവിതം മതിയാക്കുന്നവർക്കും കേരളത്തിൽ ഉപജീവനത്തിന് കാർഷിക വ്യവസായ സൗഹൃദ അന്തരീക്ഷം വേണം. ഈ ഉൾക്കാഴ്ചയോടെയാണ് എന്നെന്നും പ്രവാസികളെ ചേർത്തുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാർ 25 വർഷം മുന്നിൽ കണ്ടുള്ള നവ കേരള മിഷൻ നടപ്പിലാക്കുന്നത്. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിനെ വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസി കുടുംബത്തിന്റെയും കർത്തവ്യമാണ്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗൽഭനായ ഹൃദ്രോഗ വിദഗ്‌ധനായ സ്ഥാനാർത്ഥിയെ ഇതിനകം തൃക്കാക്കരയിലെ ജനങ്ങൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

കേരള സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ ജനം നെഞ്ചേറ്റി എന്നതിന്റെ പ്രതിഫലനമാണ് അടുത്തു നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് ഫലം . നവകേരള സൃഷ്ടിയുടെ ഭാഗമായ കെ റെയിൽ കടന്നുപോകുന്ന വാർഡുകളിൽ എല്ലാം തന്നെ എൽ.ഡി.എഫ് വിജയം കൊയ്തു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം തൃക്കാക്കരയിലെ വിജയത്തിന്റെ നാന്ദിയാണ്. കേരള വികസനത്തെ സ്വപ്നം കാണുന്ന തൃക്കാക്കരയിലെ ഓരോ പ്രവാസി കുടുംബവും രാഷ്ട്രീയം മറന്ന് വികസനത്തിനായി വിലപ്പെട്ട വോട്ടുകൾ നൽകി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് സമീക്ഷ യുകെ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.