യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയാണ് സമീക്ഷ യുകെ. എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പതിയെ കലാ കായിക സാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. ചെറിയ കാലയളവിൽ അത്ഭുതപ്പെടുത്തും വിധം സമീക്ഷ വളർന്നു. മറുനാട്ടിൽ മലയാളികളെ മാത്രം കൂട്ടുപിടിച്ച് ഒരു സാംസ്കാരിക പ്രസ്ഥാനം പടുത്തുയർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. പിന്നിട്ട വഴികളിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. എന്നിട്ടും കരുത്തോടെ മുന്നോട്ടുപോയി. നാട്ടിലെ സംഘടനാ പ്രവർത്തനത്തിൻ്റെ അനുഭവമാണ് ഞങ്ങളുടെ പ്രവർത്തകർക്ക് ഇവിടെ ഊർജ്ജമായത്.
സമയവും കാലവും നോക്കാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നതും ഹൃദയം കൊണ്ട് സംവദിച്ചതുമെല്ലാം സമീക്ഷയുടെ വളർച്ചയുടെ സൂത്രവാക്യങ്ങളാണ്. ഇന്നിപ്പോൾ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്. ഇക്കലാത്തിനിടെ ആരുമില്ലാത്തവർക്കും അന്നമില്ലാത്തവർക്കും ഒപ്പംനിന്നു. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട് കുടിയേറിയവർക്ക് അത്താണിയായി. ചതിക്കപ്പെട്ടവർക്ക് താങ്ങായി. ആത്മഹത്യാ മുനമ്പിൽ പകച്ചുനിന്നവരെ ചേർത്തുപിടിച്ചു. കലാ-കായിക രംഗത്ത് വലുതും വിപുലവുമായ വേദിയൊരുക്കി. നാട്ടിലിട്ടുപോന്ന സർഗവൈഭവവും കായികശേഷിയും അതോടെ പലരും പൊടി തട്ടിയെടുത്തു. നാടിന് നൊന്തപ്പോഴെല്ലാം തണലൊരുക്കി, ഞങ്ങളുണ്ട് കൂടെയെന്ന് ഉറക്കെപ്പറഞ്ഞു.
ഇനിയുമിനിയും മനുഷ്യരിലേക്ക് പടരണം. ബ്രിട്ടനിലാകെ പ്രവർത്തനം വ്യാപിപ്പിക്കണം. കൂടുതൽ പേർ സമീക്ഷയിലേക്ക് കടന്നുവരണം. സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുകയാണ്. സമീക്ഷയുടെ സത്പ്രവർത്തികളിൽ പങ്കാളികളാവാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. വരൂ, നമുക്കൊന്നിച്ച് പോരാടാം.
Leave a Reply