ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി. തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മർദ്ദത്തിനെതിരെ താരം സംസാരിച്ചത്. സമൂഹം നിഷ്കർഷിക്കുന്ന അഴകിന്റെ അളവുകോലുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം അഭ്യർത്ഥിച്ചു.
സമൂഹമാധ്യമത്തിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് താരം വെളിപ്പെടുത്തി. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽ തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” താരം ആമുഖമായി പറഞ്ഞു.
ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി ആവർത്തിച്ചു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് സമീറ പറയുന്നത് ഇതാണ്– “മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോകസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.”
പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തിൽ താരം വ്യക്തമാക്കി. “തടി, വൈരൂപ്യം തുടങ്ങിയ വാക്കുകൾക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാൻ കേട്ടു വളർന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിൻസുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാൻ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാൻ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,” സമീറ പറഞ്ഞു.
സമീറ റെഡ്ഢിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താരസുന്ദരിമാരെപ്പോലെ ആകാൻ ശ്രമിച്ച് പരാജയപ്പെട്ടു കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് പോകുന്നവർക്ക് സമീറയുടെ തുറന്നു പറച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്നാണ് ആരാധകരുടെ കമന്റുകൾ. സമീറയുടെ വാക്കുകൾ തീർച്ചയായും ഒരു പ്രചോദനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
Leave a Reply