ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി 4 pm ( യു കെസമയം) 9.30 pm (ഇന്ത്യൻ സമയം ) നു സൂം വഴിയാകും പരിപാടി സംഘടിപ്പിക്കുക .

“നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ ശ്രീ മുരുകൻ കാട്ടാക്കട, ശ്രീ സന്ദീപാനന്ദഗിരി, ഫാ:ഡോ മാത്യൂസ് വാഴക്കുന്നം എന്നിവർ സംവാദത്തിന് നേതൃത്വം വഹിക്കുന്നു. നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നതിക്കും നവോത്ഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നാം നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു . സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും .

കെ റെയിലിനെ കുറിച്ചും , നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചും സമീക്ഷ യുകെ മുൻപ് സംഘടിപ്പിച്ചിരുന്ന സംവാദ സദസ്സുകൾ ജനപങ്കാളിത്തവും വിഷയാധിഷ്ഠിത ചർച്ചകളും കൊണ്ടും ഉയർന്ന നിലവാരം പുലർത്തിയിരുന്നു . ഇനിമുതൽ എല്ലാ രണ്ട് മാസം കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളിൽ സംവാദ സദസ്സുകൾ സംഘടിപ്പിക്കാന് ഉദ്ദേശിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു .