ഉണ്ണികൃഷ്ണൻ ബാലൻ

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ കേരളത്തിലെ ഡി.വൈ.എഫ്.ഐ ഏർപ്പെടുത്തിയ “ഹൃദയപൂർവ്വം” പദ്ധതിയുടെ മാതൃകയിൽ യു കെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ ആരംഭിച്ച “ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്” വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് . യു കെ സമൂഹത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി അത് എത്തിക്കുന്നതിന് അതാത് സ്ഥലത്തെ ഫുഡ് ബാങ്കുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫുഡ് ബാങ്കിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ മലയാളി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച് കൈമാറും.

സമീക്ഷ യു കെ പ്രവർത്തകർ മാസത്തിൽ രണ്ടുതവണ വീടുകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.
അടുത്തകാലത്തായി ഭക്ഷ്യസാധനങ്ങൾക്ക് ഉണ്ടായ വിലക്കയറ്റത്തെ തുടർന്ന് ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയിലെ ഫുഡ് ബാങ്കുകൾക്ക് കൈത്താങ്ങ് ആകുവാൻ സമീക്ഷ യു കെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ചു കൊണ്ട് ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ട് എന്ന ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് . സംഘടനയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളും ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ കോവിഡ് കാലത്ത് സമീക്ഷ മലയാളി സമൂഹത്തിനായി ഹെല്പ് ലൈൻ വഴി നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു . പഠനത്തിനായി നാട്ടിൽ നിന്നും യു കെ യിൽ എത്തി ലോക്ക്ഡൗൺ കാലത്ത് മുറികളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു കൊടുക്കുന്നതടക്കം ഉള്ള നിരവധി പ്രവർത്തനങ്ങൾ യു കെ യിലെ പൊതുസമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിന്നു എന്ന് ,സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.
ഇതിനു സമാനമായിട്ടാണ് ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. യു കെ യിലെ പൊതു സമൂഹത്തിന് ഒരു സഹായഹസ്തമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.