“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ് പ്രഫ. ടി.ജെ. ജോസഫ്. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന് വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ് പറഞ്ഞു.
അവാര്‍ഡ് വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത് മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ് ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസ് 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത് അന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ് ഏലിക്കുട്ടിയും സഹോദരി സി. മാരീസ് സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ് മരിയ, ഇവരുടെ മകന്‍ ആനന്ദ് എന്നിവരാണ്. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ് ആത്മകഥ പ്രസിദ്ധീകരിച്ചത്.
Leave a Reply