പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായതില്‍ ദുരൂഹതയേറുകയാണ്. തന്റെ മകള്‍ക്ക് വെള്ളം പേടിയാണെന്നും അതിനാല്‍ അവളെ കാണാതായത് വെള്ളത്തില്‍ വീണല്ലെന്നും സനയുടെ ഉപ്പ ഇബ്രാഹിം പറയുന്നു.
‘എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല’, ഇബ്രാഹിം പറയുന്നു. എന്നാലും തങ്ങളുടെ ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ചു നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി അവര്‍ സഹകരിക്കുകയാണ്.സനയ്ക്കു വെള്ളം പേടിയാണെന്ന് ഉപ്പ പറയുന്നു. സാധാരണ ഓവുചാലില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു എന്ന് തന്നെയാണ് ഇബ്രാഹിം വിശ്വസിക്കുന്നത്. തൊട്ടടുത്തുള്ള മൂന്നു വീടുകളില്‍ മാത്രമാണു സാധാരണ മകള്‍ പോകുന്നത്. കാണാതായ ഉടന്‍ ഈ വീടുകളില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും ഇബ്രാഹിം പറയുന്നു.
മറ്റെങ്ങനയോ ആണ് മകളെ കാണാതായതെന്നും തങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു. പൊലീസ് ഇത്തരത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം പ്രദേശത്തു നാടോടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സംഭവ ദിവസമോ മുന്‍പുള്ള ദിവസമോ പരിചയമില്ലാത്ത ആരും വീട്ടിലെത്തിയതായി ഓര്‍ക്കുന്നില്ലെന്നും ഇബ്രാഹിം പറയുന്നു. വീട്ടിലെ മുതിര്‍ന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഇവരുടെ കണ്ണുനീരായി മാറിയത്. അതേസമയം കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചില്‍ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു. സന ഒഴുക്കില്‍പ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്.
പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമാപണവുമെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.
കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീര്‍ച്ചാലിനോട് ചേര്‍ന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റര്‍ അകലെ പുഴയിലാണ് ഈ നീര്‍ച്ചാല്‍ ചേരുന്നത്. റോഡിനോട് ചേര്‍ന്ന് പൈപ്പിലൂടെയാണ് നീര്‍ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. ദിവസങ്ങള്‍ പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്.
Leave a Reply