സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.
എന്നാൽ കസ്റ്റഡിയിലെടുക്കാൻ കൊച്ചി സിറ്റി പൊലീസെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ. സഹോദരിയോടൊപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടു പോവാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. ഇവർ പൊലീസല്ലെന്നും ഗുണ്ടകളുടെ സംഘം കാറിന് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്നും സനല്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.
പൊലീസുകാരാണെന്ന് പറഞ്ഞ് വന്നത് ഗുണ്ടകളാണ്. തന്നെ കൊണ്ടു പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ. ആരും എന്താണ് പ്രതികരിക്കാത്തതെന്നും സനൽ കുമാർ ചോദിച്ചു.കേസ് കൊടുത്തതല്ലാതെ എന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ദുരൂഹമായ സംഭവമാണ്. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. ഞാന്‍ ഏത് നിമിഷവും മരിക്കാന്‍ തയ്യാറാണ്. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടിലെ അരാജകത്വത്തിന്റെ തെളിവാണെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ ലൈവിൽ ആരോപിച്ചു. അതേസമയം പൊലീസ് സംഘം തന്നെയാണ് സനൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പാറശ്ശാല എസ്ഐ പ്രതികരിച്ചു.
Leave a Reply