ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് വന്ന ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ടായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ യുകെ മലയാളികളുടെ പുതുതലമുറ വിവിധ മേഖലകളിൽ വെന്നി കൊടി പാറിക്കുന്നതിന്റെയും നേട്ടങ്ങൾ കൈവരിക്കുന്നതിൻ്റെയും അഭിമാനകരമായ ജീവിത ഗാഥകൾ മലയാളം യുകെ ന്യൂസ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരമൊരു അസുലഭ നേട്ടത്തിന്റെ കഥയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
മാതാപിതാക്കളുടെ കൈപിടിച്ച് യുകെയിലേക്കും കേരളത്തിലേക്കും നടത്തിയ യാത്രകളിൽ സാന്ദ്ര മോൾ കണ്ടത് ആകാശപാതകളിലൂടെ പറന്നു നടക്കുന്നതിനെ കുറിച്ചായിരുന്നു. 21-ാം വയസ്സിൽ പൈലറ്റ് ആവുക എന്ന അഭിമാനകരമായ നേട്ടം അവൾ സ്വന്തമാക്കി. ഇന്ന് 23 വയസ്സിൽ എത്തി നിൽക്കുമ്പോൾ മുപ്പത്തിനാലായിരത്തിലധികം മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് സമാനതകളില്ലാത്ത നേട്ടത്തിലൂടെ യുകെ മലയാളികൾക്ക് ആകെ അഭിമാനമായിരിക്കുകയാണ് സാന്ദ്ര. 21 വർഷം മുൻപാണ് സാന്ദ്രയുടെ പിതാവ് ജെൻസൻ പോൾ ചേപ്പാലയും അമ്മ ഷിജി ജെൻസനും കേരളത്തിലെ കാലടിയിൽ നിന്ന് യുകെയിൽ എത്തിയത്. ജെന്സണ് ഒക്കല്‍ കേംബ്രിഡ്ജില്‍ ‘അച്ചായന്‍സ് ചോയ്സ് ‘ എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതില്‍ ട്രെഡിംഗ് ബിസിനസ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെന്സണ് അഡന്‍ബ്രൂക്ക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്സണ് ഗ്യാസ് ഇന്‍ഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരന് ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
കഠിനാ പരിശീലനവും പരീക്ഷയും പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത് കുടുംബത്തിൻറെ പൂർണ്ണ പിന്തുണ കൊണ്ടാണ് എന്ന് സാന്ദ്ര പറഞ്ഞു. മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ജസീറ എയർവെയ്സിൽ ആണ് നിലവിൽ സാന്ദ്ര ജോലി ചെയ്യുന്നത്. യുകെ മലയാളികളുടെ പുതുതലമുറക്കാരിക്ക് ഇനിയും കൂടുതൽ അഭിമാനകരമായ നേട്ടങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
Leave a Reply