വിമാര്‍ശിക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കി പാക്കിസ്ഥാനിലേക്ക് പറഞ്ഞ് അയക്കുന്നതായിരുന്നു കഴിഞ്ഞ കാലം വരെ സംഘപരിവാര്‍ സംഘടനകളുടെ രീതി. എന്നാൽ അത് മാറി ഇപ്പോള്‍ തങ്ങള്‍ക്കെതിരായ  കാര്യങ്ങള്‍ പറയുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി  ആക്രമിക്കുന്ന പുതിയ രീതികള്‍ സംഘ പരിവാർ കണ്ടു പിടിച്ചിരിക്കുന്നു.

സംഘപരിവാറിന്റെയും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എറിയ ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുന്നത് നിരന്തര സംഭവമാണ്. തമിഴ്‌നടന്‍ വിജയ് തന്റെ പുതിയ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് എന്ന പേരില്‍ നിന്നുകൊണ്ട് തന്റെ പേര് ജോസഫ് വിജയ് എന്നാണ് അതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു കൊണ്ടായിരുന്നു. ഈ നിരയിലേക്ക് എത്തിയ ആളാണ് മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍. സംഘപരിവാര്‍ സംഘടനകളെയും ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളെയും നിരന്തരം വിമര്‍ശിക്കുന്ന ഷാനി സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്.


നോട്ടു നിരോധനത്തിന്റെ സമയത്ത് ഷാനിയുടെ വീട്ടില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തെന്നായിരുന്നു ആദ്യ ആരോപണം. ഇത് പൊളിഞ്ഞതോടെ ഷാനി പ്രഭാകറിന്റെ ഭര്‍ത്താവ് ക്രിസ്ത്യാനിയായതുകൊണ്ട് ഷാനി ക്രിസത്യാനിയാണെന്നും അത് കൊണ്ടാണ് ബി.ജെ.പിയെ ഷാനി വിമര്‍ശിക്കുന്നതെന്നുമായിരുന്നു സംഘപരിവാറുകാരുടെ അടുത്ത പ്രചരണം.

ഷാനി പ്രഭാകരന്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് ഷാനി പ്രിജി ജോസഫ് എന്ന് ഉപയോഗിക്കണമെന്നുമാണ് സംഘപരിവാറുകാരുടെ ആവശ്യം. കോട്ടയത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ഷാനിപ്രഭാകര്‍ മതം മാറി അന്ന എന്ന പേര് സ്വീകരിച്ചെന്നും ഹിന്ദു മതത്തെ അപമാനിക്കാനാണ് ഷാനി പ്രഭാകര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നതെന്നുമാണ്‌ വിവിധ സംഘ പരിവാര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രചരണം. ‘ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ എറണാകുളം ചമ്പക്കര പള്ളിയില്‍ വച്ച് മതംമാറി അന്നയെന്ന പേര് സ്വീകരിച്ച പെണ്‍കുട്ടിയെ അന്നയെന്ന് വിളിക്കേണ്ടേ എന്നായിരുന്നു പുതിയ പ്രചരണം. മാധ്യമപ്രവര്‍ത്തനരംഗത്തെ ചില തുടക്കക്കാരും ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

കഴിഞ്ഞ ദിവസം കൗണ്ടര്‍ പോയിന്റ് എന്ന ഷാനി പ്രഭാകര്‍ അവതാരകയായ ചര്‍ച്ചയില്‍ ഹാദിയ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഹാദിയെ അഖില എന്ന പഴയ പേരില്‍ പരാമര്‍ശിച്ച ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറിനെ തിരുത്തിയതാണ് ‘സംഘ ശക്തികളെ’ ഇപ്പോള്‍ ചൊടിപ്പിച്ചത്.
ചര്‍ച്ചക്കിടെ അഖിലയെന്ന് ഉപയോഗിച്ച ജെ.ആര്‍ പത്മകുമാറിനോട് പെണ്‍കുട്ടിയുടെ പേര് ഹാദിയ ആണെന്നും ഹാദിയയുടെ മതം മാറ്റം കോടതി അംഗീകരിച്ചതാണെന്നും വിവാഹം മാത്രമാണ് അംഗീകരിക്കാത്തതെന്നും ഹാദിയ എന്ന് തന്നെ വിളിക്കുന്നതാണ് ആ കുട്ടിയോട് ചെയ്യാന്‍ കഴിയുന്ന ആദരവ് എന്നും ഷാനി പ്രഭാകര്‍ ഓര്‍മിപ്പിച്ചു. തനിക്ക് അഖില എന്നു വിളിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ പത്മകുമാറിനോട് ചര്‍ച്ച ചെയ്യുന്നത് വ്യക്തി സ്വാതന്ത്യത്തെ കുറിച്ചാണെന്നും നമുക്ക് ഇഷ്ടമുള്ള പേര് ഒരാളെ വിളിക്കാന്‍ കഴിയില്ലെന്നും ഷാനി ഓര്‍മിപ്പിച്ചിരുന്നു.

സ്വന്തം താല്‍പര്യപ്രകാരം മുസ്‌ലിം മതം തെരഞ്ഞെടുക്കുകയും ഹാദിയ എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും തുറന്ന് പറഞ്ഞ യുവതിയെ ഹാദിയ എന്നുതന്നെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. താന്‍ സ്വയം തെരഞ്ഞെടുക്കുന്നത് എന്താണോ അതാണ് തന്റെ പേര്, അങ്ങനെയാണ് താന്‍ വിളിക്കപ്പെടേണ്ടത് എന്നു തീരുമാനിക്കാനുള്ള പൗരന്റെ അവകാശത്തിനുമേല്‍ കടന്ന് കയറാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
വ്യക്തികളുടെ പേരുകള്‍ക്കുപോലും മതം വേണമെന്നാണ് സംഘപരിവാറിന്റെ എറ്റവും പുതിയ നിബന്ധന. എന്നാല്‍ സംഘപരിവാറിന്റെ ഇത്തരം പ്രോ അജണ്ടകളെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഷാനി പ്രഭാകര്‍ പറയുന്നത്. ഇത്രയും കാലം ഇത്തരം പ്രചരണങ്ങളോട് എങ്ങിനെയാണോ പ്രതികരിച്ചത്. അതേ രീതിയില്‍ മൗനം പാലിക്കാനാണ് താല്‍പര്യമെന്നും ഷാനി പറയുന്നു.

തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ ‘അഹിന്ദുക്കളായ രാജ്യദ്രോഹികളാക്കുന്നത്’ ആദ്യമല്ല. ജെ.എന്‍.യു വിവാദം കത്തി നില്‍ക്കുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ ദുര്‍ഗ്ഗാ ദേവിയെ വേശ്യയെന്ന് വിളിച്ചെന്നാരോപിച്ച് വ്യാപക സൈബര്‍ ആക്രമണങ്ങളും വധഭീഷണിയും നടത്തിയത്. സംവിധായകന്‍ കമലിനെതിരെയും ഇതേ രീതിയില്‍ ആക്രമണം നടത്തിയിരുന്നു. ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ വിമര്‍ശനമുന്നയിച്ചതിനായിരുന്നു കമലിന്റെ മതം പറഞ്ഞു കൊണ്ട് സൈബര്‍ ആക്രമണം നടത്തിയത്. കമല്‍ എന്ന് കമാലുദ്ധീന്‍ മുസ്‌ലിം ആയത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സംഘപരിവാറിന്റെ കണ്ടെത്തല്‍.
സംഘപരിവാറുകാര്‍ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും ഷാരൂഖ് ഖാനും അടക്കം നിരവധി ‘അഹിന്ദു’ക്കളായ വിമര്‍ശകരെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന എജന്റുകളാവുന്നതും ശ്രമിക്കുന്നതും ഇതേ തിയറി ഉപയോഗിച്ചാണ്.