തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ വിദ്വേഷ പ്രചരണം. തിരുവോണ ദിനത്തില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത ‘സുരഭിയുടെ ഓണം’ എന്ന പ്രത്യേക പരിപാടിക്കെതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

ഓണം പരിപാടിക്കിടെ ബീഫ് കഴിച്ചതാണ് സംഘപരിവാര്‍ പ്രചാരകരെ ചൊടിപ്പിച്ചത്. ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. ഹോട്ടലുകാരനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നതും പരിപാടിയിലുണ്ട്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ്പരിവാറിന്റെ ആരോപണം.


സുരഭിയെ സിനിമയില്‍ വാഴിക്കരുതെന്നും ഓണ്തതിന് പരസ്യമായി ബീഫ് കഴിച്ച അവര്‍ ഹിന്ദുവല്ലെന്നും ആണ് പ്രചരണം. അടുത്ത പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നും സംഘപരിവാര്‍ പ്രചാരകര്‍ ചോദിക്കുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുളള തെറിവിളികളും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നടത്തുന്നവരുണ്ട്.


എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഭൂരിഭാഗവും സുരഭിക്കെതിരെ ആക്രമണം നടത്തുന്നത്. സുരഭിക്കു നേരെ മാത്രമല്ല, ചാനലിനെതിരേയും വിമര്‍ശനങ്ങളുണ്ട്. സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.