‘ഞാന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, ഇത് ആനന്ദ കണ്ണീരാണ്. വിരമിക്കുന്നതിന് മുമ്പ് ഇനിയും ചില ടൂര്‍ണ്ണമെന്റുകളില്‍ ഞാന്‍ മത്സരിക്കും. മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് സാനിയ വികാരാധീനയായത്.

ബ്രസീലിന്റെ ലൂയിസ് സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-രോഹന്‍ ബൊപ്പണ്ണ ടീം പരാജയപ്പെട്ടത്. തന്റെ ഗ്രാന്‍ഡ് സ്ലാം കരിയറിലെ അവസാന മത്സരത്തിലാണ് സാനിയയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം മത്സരമായിരിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സാനിയ തന്റെ കരിയറിനെയും കുടുംബത്തിന്റെ പിന്തുണയെപ്പറ്റിയും മനസ്സ് തുറന്നത്.

എന്നാല്‍ എന്റെ കരിയര്‍ തുടങ്ങിയത് 2005ല്‍ മെല്‍ബണില്‍ വെച്ചാണ്. ഇതിഹാസ താരം സെറീന വില്യംസിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞതൊക്കെ ഭാഗ്യമായി കാണുന്നു. അതേ നഗരത്തില്‍ വെച്ച് തന്നെ ഗ്രാന്‍ഡ് സ്ലാം കരിയറിന്റെ അവസാന മത്സരം കളിയ്ക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്,’ സാനിയ പറഞ്ഞു.

2005ലാണ് സെറീന വില്യംസിനെതിരെ സാനിയ മത്സര രംഗത്തെത്തിയത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ സെറീന വിജയം കൊയ്തെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരമെന്ന നിലയില്‍ സാനിയയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു അത്.

അതേസമയം, തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം മകന്‍ ഇഹ്സാന്‍ മിര്‍സ മാലികിന്റെ മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലാണ് സാനിയ.’ എന്റെ കുടുംബം ഇവിടെയുണ്ട്. എന്റെ മകനെ സാക്ഷി നിര്‍ത്തി ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” സാനിയ പറഞ്ഞു.

ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനെ നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു.